11 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 83 വർഷം കഠിന തടവ്

Wednesday 24 December 2025 3:38 AM IST

തിരുവനന്തപുരം : മകളുടെ അടുത്ത കൂട്ടുകാരിയും ബന്ധുവുമായ 11 കാരിയെ പീഡിപ്പിച്ച 40 കാരനെ കോടതി 83 വർഷം കഠിന തടവിനും 1,00,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി നാല് വർഷം അധിക തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകുന്നതിനൊപ്പം സർക്കാർ സഹായ നിധിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം കുട്ടിക്ക് ഉറപ്പ് വരുത്തണമെന്നും വിധിയിൽ പറയുന്നു. മെഡിക്കൽ കോളേജ് സ്വദേശി മനുവാണ് കേസിലെ പ്രതി. പ്രത്യേക പോക്‌സോ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് പ്രതിയെ ശിക്ഷിച്ചത്. 2021 ഏപ്രിൽലിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടി പ്രതിയുടെ ഭാര്യാസഹോദരീ പുത്രിയാണ്. പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിലായതിനാൽ പ്രതിയും മകളും കുടുംബ വീട്ടിലാണ് താമസിച്ചത്. മകളോടൊപ്പം രാത്രി കിടന്ന് ഉറങ്ങിയ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ഉറങ്ങിക്കിടന്ന മകളെ കട്ടിലിൽ നിന്ന് എടുത്തു മാറ്റിയ ശേഷമായിരുന്നു പ്രതിയുടെ പീഡനം. അടുത്ത ദിവസം മകളോടൊപ്പം കളിച്ചു നിന്ന കുട്ടിയെ മകളിൽ നിന്നും തന്ത്രപൂർപ്പം അകറ്റി മൂന്ന് തവണ പീഡിപ്പിച്ചു. ഭയന്ന കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. സ്‌കൂളിലെ കൗൺസിലിംഗിന് ഇടയിലാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം പുറത്ത് പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.