അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് അപകടത്തിൽപ്പെട്ടു; ആളപായമില്ല

Thursday 25 December 2025 3:51 AM IST

വർക്കല: തിരുവനന്തപുരത്തേക്ക് പോയ വന്ദേഭാരത് ട്രെയിൻ,അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ വച്ച് അപകടത്തിൽപ്പെട്ടു.ആളപായമില്ല.ഇന്നലെ രാത്രി 10.03നായിരുന്നു അപകടം.സ്റ്റേഷനിലെ രണ്ടാമത്തെ ട്രാക്കിന് സമീപത്തെ റോഡിലൂടെ വന്ന ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കയറുകയും,തുടർന്ന് ട്രാക്കിലേക്ക് വീഴുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഈ സമയം സ്റ്റേഷനിലൂടെ കടന്നുപോയ വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോ ട്രെയിനിന്റെ മുൻഭാഗത്ത് കുരുങ്ങി. നാട്ടുകാരുടെ സഹായത്തോടെ ഓട്ടോ മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വർക്കല ഫയർഫോഴ്‌സ് സംഘം,ഏറെ പരിശ്രമത്തിനുശേഷമാണ് ഓട്ടോറിക്ഷ ട്രെയിനിൽ നിന്ന് വേർപെടുത്തിയത്.ആർ.പി.എഫും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഓട്ടോറിക്ഷാ ഡ്രൈവർ ഞെക്കാട് വെട്ടിമൺകോണം സ്വദേശി സുധിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഇയാൾ മദ്യപിച്ചിരുന്നതായാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.അപകടത്തെ തുടർന്ന് ട്രെയിൻ യാത്രയ്ക്ക് ഏകദേശം ഒന്നര മണിക്കൂർ തടസം നേരിട്ടു.രാത്രി 11.30യോടെയാണ് വന്ദേഭാരത് യാത്ര തുടർന്നത്.വിജനമായ പ്രദേശമാണ് റെയിൽവേ സ്റ്റേഷനും പരിസരവും.അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ സ്റ്റേഷൻ പരിസരം സാമൂഹ്യവിരുദ്ധ കേന്ദ്രമാണെന്ന് നേരെത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.