വാളയാർ ആൾക്കൂട്ട കൊലപാതകം: ഗുരുതര വകുപ്പുകൾ ചുമത്തി; രണ്ടുപേർ കൂടി അറസ്റ്റിൽ

Wednesday 24 December 2025 12:58 AM IST

വാളയാർ: വാളയാർ അട്ടപ്പള്ളത്ത് മർദ്ദനത്തിനിരയായി രാം നാരായണൻ കൊല്ലപ്പെട്ട സംഭവത്തിൽ ആൾക്കൂട്ട കൊലപാതകത്തിന് കേസെടുത്തു. ഭാരതീയ ന്യായ സംഹിത 103/2 പ്രകാരമാണ് കേസ്. അഞ്ച് പേർ സംഘം ചേർന്ന് ജാതിയുടെയോ വംശീയതയുടെയോ പേരിൽ കൊലപാതകം നടത്തുന്നതിനെതിരെയുള്ള വകുപ്പാണിത്. എസ്.സി, എസ്.ടി അതിക്രമ വകുപ്പും ചുമത്തിയിട്ടുണ്ട്. രാം നാരായണന്റെ ജാതി സർട്ടിഫിക്കറ്റ് ലഭിച്ച സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. ഗുരുതര വകുപ്പുകൾ ചേർത്തതോടെ കുടുംബാംഗങ്ങളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു.

അട്ടപ്പള്ളം സ്വദേശികളായ വിനോദ് (54) ജഗദീഷ് (49) എന്നിവരെക്കൂടി അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ വഴി മർദ്ദനത്തിൽ പങ്കാളികളായി എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അഞ്ച് പേരെ നേരത്തെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളിൽ പലരും സംസ്ഥാനത്തിന് പുറത്ത് കടന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തമിഴ് നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്നലെ അട്ടപ്പള്ളത്ത് എത്തി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് മോഷ്ടാവാണെന്ന സംശയത്തിൽ നാട്ടുകാർ ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.