ഉന്നാവ് പീഡനക്കേസ്: കുൽദീപ് സിംഗിന്റെ ശിക്ഷ മരവിപ്പിച്ചു

Wednesday 24 December 2025 1:17 AM IST

ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസ് പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ചു. ക‌ർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സുബ്രഹ്‌ണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സെൻഗർ സമർപ്പിച്ച ഹർജിയിലാണിത്. ഡൽഹിയിൽ തന്നെ തുടരണമെന്നും, ഇര താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നും ഹൈക്കോടതി ഉപാധിവച്ചു. അതിജീവിതയെയും കുടുംബത്തെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും റിപ്പോർട്ട് ചെയ്യണം. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. ശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലിൽ അന്തിമതീർപ്പാകും വരെയാണ് ജാമ്യം. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

രാജ്യം ചർച്ച ചെയ്‌ത കേസ്

2017ൽ കുൽദീപ് സിംഗ് സെൻഗറും കൂട്ടാളികളും ചേർന്ന് 17കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് സി.ബി.ഐ കേസ്. മാനഭംഗത്തിനു ശേഷം പെൺകുട്ടിയെ 60,000 രൂപയ്‌ക്ക് വിറ്റെന്നും ആരോപണമുയർന്നു. വൻവിവാദമായതോടെ അലഹബാദ് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സെൻഗർ അറസ്റ്റിലായത്. 2019 ജൂലായിൽ അതിജീവിത സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. 2019 ആഗസ്റ്റിൽ സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അതിജീവിതയ്‌ക്ക് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തി. കേസുകൾ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. 2019 ഡിസംബറിലാണ് ഡൽഹിയിലെ വിചാരണക്കോടതി ശിക്ഷ വിധിച്ചത്.