ഇന്ത്യക്കെതിരേ ഭീഷണിയുമായി പാക് നേതാവ്

Wednesday 24 December 2025 1:44 AM IST

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരേ ഭീഷണിമുഴക്കി പാകിസ്താൻ മുസ്‌ലിം ലീഗ് (പിഎംഎൽ) യുവജനവിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി. ബംഗ്ലാദേശിനു നേർക്ക് ആക്രമണമുണ്ടായാൽ പാകിസ്താന്റെ സൈന്യവും മിസൈലുകളും പ്രതികരിക്കുമെന്ന് കമ്രാൻ പറഞ്ഞു. പാകിസ്താനും ബംഗ്ലാദേശും തമ്മിൽ സൈനികസഖ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎലിന്റെ യുവജനവിഭാഗം തലവനാണ് കമ്രാൻ. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽതട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നത് ശ്രദ്ധേയമാണ്. വീഡിയോയിലൂടെ ആയിരുന്നു പ്രതികരണം.ബംഗ്ലാദേശിന് മേൽ അഖണ്ഡഭാരത പ്രത്യയശാസ്ത്രം അടിച്ചേൽപിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് ആരോപിച്ച കമ്രാൻ, അത് പാകിസ്താൻ ക്ഷമിക്കില്ലെന്നും കൂട്ടിച്ചേർത്തു. പാകിസ്താൻ മുൻപ് ഇന്ത്യയെ ദുഷ്‌കരമായ സാഹചര്യത്തിലാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇനിയും അങ്ങനെ ചെയ്യുമെന്നും കമ്രാൻ പറഞ്ഞു.ബംഗ്ലാദേശും പാകിസ്താനും സൈനികസഖ്യം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട കമ്രാൻ, പാകിസ്താൻ ബംഗ്ലാദേശിലും ബംഗ്ലാദേശ് പാകിസ്താനിലും സൈനികതാവളങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.