 യു.പി സർക്കാരിന് തിരിച്ചടി അഖ്ലഖ് കൊലപാതകം: പ്രതികൾക്കെതിരായ കുറ്റം പിൻവലിക്കാനുള്ള ഹർജി തള്ളി

Wednesday 24 December 2025 1:51 AM IST

ലക്‌നൗ: ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന കേസിൽ ഉത്തർ പ്രദേശ് സർക്കാരിന് കോടതിയിൽ തിരിച്ചടി.

പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജി ഗ്രേറ്റർ നോയിഡയിലെ സൂരജ്പുർ കോടതിയാണ് തള്ളിയത്.

നിയമപരമായ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ വേഗത്തിലാക്കാനും നിർദ്ദേശിച്ചു. ദിവസേന വാദം കേട്ട് വിചാരണ പൂർത്തിയാക്കണം. യു പി ദാദ്രിയിലുള്ള അഖ്ലഖിന്റെ വീട്ടിൽ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് 2015 സെപ്തംബർ 28 നാണ് അഖ്ലഖിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്. അടുത്ത മാസം ആറിനാണ് അടുത്ത വാദം.