തുർക്കി വിമാനാപകടം; ലിബിയൻ  സൈനിക  മേധാവി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു

Wednesday 24 December 2025 7:55 AM IST

അങ്കാറ: തുർക്കിയിൽ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് കൊല്ലപ്പെട്ടു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി പ്രാദേശിക സമയം 8.52ന് പറന്നുയർന്ന ഫാൽക്കൺ 50 വിമാനം മുക്കാൽ മണിക്കൂറിനകം ഹൈമാന മേഖലയിൽ തകർന്നുവീഴുകയായിരുന്നു. ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദിനെക്കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റുനാല് ഉദ്യോഗസ്ഥരും മൂന്ന് വിമാന ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പട്ട് ഉന്നതതല പ്രതിരോധ ചർച്ചകൾക്കായി തുർക്കിയിൽ എത്തിയതായിരുന്നു ലിബിയൻ പ്രതിനിധി സംഘം. മുഹമ്മദ് അലിയും സംഘവും ചർച്ചയിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബൈബ അറിയിച്ചത്.

അങ്കാറ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ഏകദേശം 42 മിനിറ്റിനുശേഷം ബിസിനസ് ജെറ്റുമായുള്ള സിഗ്നൽ നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോവുകയായിരുന്ന വിമാനവുമായി ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് അടിയന്തര ലാൻഡിംഗ് അഭ്യർത്ഥന നടത്തിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പിന്നീട് അങ്കാറയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. അപകടത്തിന് കാരണമെന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ടുണ്ട്.