വന്ദേ ഭാരത് ട്രെയിൻ ഓട്ടോയിലിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് ആർപിഎഫ്

Wednesday 24 December 2025 8:59 AM IST

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. വർക്കലയ്‌ക്കടുത്ത് അകത്തുമുറിയിലാണ് അപകടമുണ്ടായത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധിക്കെതിരെയാണ് കേസെടുത്തത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

പ്ളാറ്റ്‌ഫോം ഭാഗത്തുകൂടി ഓടിവന്ന ഓട്ടോറിക്ഷ ട്രാക്കിലേയ്ക്ക് വീണതാണെന്നാണ് വിവരം. ഓട്ടോറിക്ഷ ട്രാക്കിൽ കിടക്കുന്നതുകണ്ട ട്രെയിൻ എമർജൻസി ബ്രേക്കിട്ടാണ് നിർത്തിയത്. പ്ളാറ്റ്‌ഫോമിന്റെ പകുതിയോളം ദൂരം ട്രെയിൻ ഓട്ടോയെ വലിച്ചുകൊണ്ടുപോവുകയും ചെയ്തു. റെയിൽവെ ട്രാക്കിൽ എങ്ങനെ ഓട്ടോ വന്നു എന്ന് വ്യക്തമല്ല. ഡ്രൈവർ സുധി മദ്യലഹരിയിലായിരുന്നു. ഇയാൾ നിലവിലും മദ്യലഹരിയിലായതിനാൽ ആർപിഎഫിന് മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. അപകടത്തിൽ ഓട്ടോ നിശേഷം തകർന്നു. ഓട്ടോയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ ട്രെയിൻ മണിക്കൂറുകളോളം വൈകി.