ഐഎസ്ആർഒയുടെ എൽവിഎം 3  എം 6 റോക്കറ്റ്  വിക്ഷേപണം വിജയം; അഭിമാന നിമിഷമെന്ന് ഇസ്രോ ചെയർമാൻ

Wednesday 24 December 2025 9:32 AM IST

ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 3 എം6 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ടവറുകളും ഒപ്ടിക്കൽ ഫൈബർ കേബിളുമില്ലാതെ മൊബൈൽ ഫോണുകളിൽ നേരിട്ട് ഇന്റർനെറ്റെത്തിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് - 2 ആണ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്. അമേരിക്കൻ കമ്പനിയായ എ.എസ്.ടി മൊബൈലിനു വേണ്ടിയാണ് വിക്ഷേപണം നടത്തിയത്. ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് അതിവേഗ സെല്ലുലാർ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന അടുത്ത തലമുറ ഉപഗ്രഹമാണിത്.

ബ്ലൂബേർഡ് ബ്ലോക്ക് -2 ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐ.എസ്.ആർ.ഒ ചെയർമാൻ വി നാരായണൻ അറിയിച്ചു. അഭിമാന നിമിഷമെന്ന് പറഞ്ഞ അദ്ദേഹം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനമറിയിക്കുകയും ചെയ്തു.

ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹവിക്ഷേപണമാണ് രാവിലെ 8.24ന് ശ്രീഹരിക്കോട്ടയിൽ നടന്നത്. 6500 കിലോഗ്രാമാണ് ഭാരം. ഭൂമിയിൽ നിന്ന് 520 കിലോമീറ്റർ അകലെയാണ് ഭ്രമണപഥം നിശ്ചയിച്ചിരിക്കുന്നത്. എൽ110 ഹൈത്രസ് വികാസ് എഞ്ചിൻ റോക്കറ്റിൽ നിന്ന് വേർപെടുന്ന ഘട്ടവും വിജയിച്ചതോടെ സി25 ക്രയോജനിക് ഘട്ടവും പ്രവർത്തിച്ചുതുടങ്ങി. ഏറ്റവും വലിയ വാണിജ്യ വാർത്താവിനിമയ ഉപഗ്രമെന്ന ഖ്യാതിയും ഇതോടെ ബ്ലൂബേർഡ് ബ്ലോക്ക് - 2 സ്വന്തമാക്കും.

കാട്ടിലും കടലിലും അതിവേഗ ഇന്റർനെറ്റ്

  • ഡേറ്റാ പ്രവാഹം കടലിൽ നിന്ന് ബഹിരാകാശത്തേക്ക് മാറും
  • മൊബൈലുമായി നിൽക്കുന്നത് മരുഭൂമിയിലോ, ഉൾക്കടലിലോ, കൊടും കാട്ടിലോ, പവർതത്തിലോ ആയാലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.
  • ഇന്റർനെറ്റിനായി ലോകമെമ്പാടും സമുദ്രത്തിന്റെ അടിത്തട്ടിലൂടെ വലിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കേബിൾ ശൃംഖല സമീപഭാവിയിൽ അപ്രസക്തമാകും.