ഇന്ത്യക്കാരി കാനഡയിൽ കൊല്ലപ്പെട്ട നിലയിൽ; കാമുകനായി തെരച്ചിൽ

Wednesday 24 December 2025 10:00 AM IST

ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട നിലയിൽ. ഹിമാൻഷി ഖുരാനയാണ് (30) കൊല്ലപ്പെട്ടത്. യുവതിയുടെ പങ്കാളിയായ അബ്ദുൾ ഗഫൂരിയാണ് (32) കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്. ‌

ഡിസംബർ 19നാണ് യുവതിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡിസംബർ 20ന് രാവിലെ 6.30ന് യുവതിയെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബ്ദുൾ ഗഫൂരിയും ഹിമാൻഷി ഖുരാനയും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹിമാൻഷി ഖുരാനയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുമെന്ന് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

'ടൊറന്റോയിൽ ഇന്ത്യൻ വംശജയായ ഹിമാൻഷി ഖുരാനയുടെ കൊലപാതകത്തിൽ ഞങ്ങൾ അതീവദുഃഖം രേഖപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺസുലേറ്റ് ഈ വിഷയം നീരിക്ഷിക്കുന്നുണ്ട്. കൂടാതെ പ്രാദേശിക അധികാരികളുമായി വിഷയത്തിൽ ചർച്ച നടത്തി. കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായവും നൽകും'- ഇന്ത്യൻ കോൺസുലേറ്റ് എക്സിൽ കുറിച്ചു.