'കുട്ടികളെ പഠിപ്പിച്ചാൽ എന്ത് കിട്ടാൻ?'; ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി ഗസ്റ്റ് ലക്‌ചറർ

Wednesday 24 December 2025 11:29 AM IST

ബംഗളൂരു: കല്യാണ ചടങ്ങുകളിൽ വരന്റെയോ വധുവിന്റെയോ ബന്ധുവാണെന്ന് നടിച്ച് കയറിപ്പറ്റിയ ശേഷം മോഷണം നടത്തിയിരുന്ന യുവതി അറസ്റ്റിൽ. ബംഗളൂരു ഉദയപുരം സ്വദേശി രേവതിയാണ് (46) പിടിയിലായത്. വിവാഹ ചടങ്ങുകളിലെത്തി പണവും സ്വർണാഭരണവും മോഷ്‌ടിക്കുന്നതാണ് പതിവ്. ഇവരുടെ വീട്ടിൽ നിന്നും 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ബസനവഗുഡി പൊലീസ് കണ്ടെടുത്തു. ഗസ്റ്റ് ലക്‌ചറായിരുന്ന യുവതി കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ജോലി ഉപേക്ഷിച്ചത്.

നവംബർ 23 ന് ബസവനഗുഡിയിലെ വിവാഹ മണ്ഡപത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത മഞ്ജുനാഥ നഗർ നിവാസിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മണ്ഡപത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 32 ഗ്രാം തൂക്കമുള്ള സ്വർണമാല അടങ്ങിയ ബാഗ് കാണാതായതോടെയാണ് ഇവർ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സമാനമായ രീതിയിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചു.

മോഷണമുതലുകളിൽ ചിലത് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ കടുബീസനഹള്ളിയിലെ ഒരു ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും യുവതി പറഞ്ഞു. വിവാഹവേളകളിൽ സ്വർണാഭരണങ്ങൾ ധരിച്ചെത്തുന്ന സ്‌ത്രീകളെ പിന്തുടർന്ന് നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തുന്നത്. മുറികളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്‌തുക്കൾ കൈക്കലാക്കിയ ശേഷം ഉടൻ തന്നെ സ്ഥലംവിടുന്നതാണ് പതിവ്.