'അത്രമേൽ മധുരമുള്ള പ്രഥമൻ പോലെ, പുരുഷന്മാരെപ്പോലും ആകർഷിക്കുന്ന വ്യക്തിത്വം'; ഫഹദിനെ പുകഴ്‌ത്തി തമിഴ് നടൻ
നടൻ ഫഹദ് ഫാസിലിനെക്കുറിച്ച് തമിഴ് നടനും സംവിധായകനുമായ പാർത്ഥിപൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. ഫഹദിന്റെ പിതാവ് ഫാസിലിനെക്കുറിച്ചും പാർത്ഥിപൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഫഹദ് തന്റെ മകനാണെന്ന് വളരെ നിഷ്‌കളങ്കമായാണ് ഫാസിൽ പരിചയപ്പെടുത്തിയത്. ഏറെ ഇഷ്‌ടത്തോടെ അദ്ദേഹത്തോടൊപ്പം ഒരു സെൽഫിയെടുത്തെന്നും പാർത്ഥിപൻ കുറിച്ചു. ഈ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
'ഫാസിൽ സാറിനെ കണ്ടപ്പോൾ അദ്ദേഹം വളരെ നിഷ്‌കളങ്കമായി പറഞ്ഞു, ഇത് എന്റെ മകൻ ഫഹദാണെന്ന്. ഫഹദിനെ അറിയാമോ എന്നും ചോദിച്ചു. ലോകം മുഴുവൻ ഫഹദിന്റെ അഭിനയം പ്രസിദ്ധമാണ്. അത്രമേൽ മധുരമുള്ള ഒരു പ്രഥമൻ പോലെ. നേരിട്ട് കണ്ടപ്പോൾ വളരെ കൗതുകകരമായ വ്യക്തി. സംസാരത്തിലൂടെ അദ്ദേഹം എന്നെ ആകർഷിച്ചു. പുരുഷന്മാരെ പോലും ആകർഷിക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ട്. വീണ്ടും കാണാം' - പാർത്ഥിപൻ കുറിച്ചു.
മുമ്പും പാർത്ഥിപൻ മലയാള സിനിമയോടും താരങ്ങളോടുമുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും അദ്ദേഹം എത്തിയിരുന്നു. ഫഹദിന് പുറമേ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും കഴിഞ്ഞ ദിവസം പാർത്ഥിപൻ പങ്കുവച്ചിരുന്നു.