ഔഷധ വേര് മോഷ്‌ടിച്ചെന്ന് ആരോപണം; ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചു
Wednesday 24 December 2025 12:48 PM IST
അട്ടപ്പാടി: ഔഷധ വേര് മോഷ്‌ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് മർദനം. പാലൂർ സ്വദേശി മണികണ്‌ഠനാണ് മർദനമേറ്റത്. തലയോട്ടി പൊട്ടിയതിനെത്തുടർന്ന് മണികണ്‌ഠനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി.
ഡിസംബർ ഏഴിനായിരുന്നു സംഭവം. ആദിവാസികളിൽ നിന്ന് ഔഷധവേരുകൾ ശേഖരിച്ച് വിൽക്കുന്ന രാംരാജ് എന്നയാളാണ് മർദിച്ചതെന്നാണ് ആരോപണം. എട്ടാം തീയതി മണികണ്‌ഠൻ കോഴിക്കോട് വച്ച് കുഴഞ്ഞുവീഴുകയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്‌തതോടെയാണ് മർദന വിവരം പുറത്തറിയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് പുതൂർ പൊലീസെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുത്തെങ്കിലും കൂടുതൽ നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.