സെല്ലിനുള്ളിൽ കയറാൻ പറഞ്ഞതിൽ പ്രകോപിതനായി; ജയിൽപ്പുള്ളി ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചു
Wednesday 24 December 2025 1:10 PM IST
കൊച്ചി: തടവുകാരൻ ജയിൽ ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചു. മട്ടാഞ്ചേരി സബ് ജയിലിലാണ് സംഭവം നടന്നത്. ലഹരിക്കേസിൽ പിടിയിലായ തൻസീറാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. റിജുമോൻ എന്ന ഉദ്യോഗസ്ഥനാണ് മർദ്ദനത്തിനിരയായത്. സമയം കഴിഞ്ഞിട്ടും തടവറയ്ക്കുള്ളിൽ കയറാത്തത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.
ഇന്നലെ രാവിലെയായിരുന്നു ആക്രമണം നടന്നത്. സെല്ലിന് പുറത്തിറങ്ങിയ തൻസീറിനോട് അകത്തുകയറാൻ റിജുമോൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി ഇരുമ്പ് മൂടികൊണ്ട് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു. ഇതുകണ്ട് ചോദ്യം ചെയ്യാനെത്തിയ മറ്റൊരു ഉദ്യോഗസ്ഥനായ ബിനു നാരായണന്റെ കൈ തിരിച്ച് ഒടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് തൻസീറിനെ പിടിച്ചുമാറ്റിയത്. ഇയാൾക്കെതിരെ ആറോളം വകുപ്പുകൾ ചുമത്തി കേസെടുത്തു.