വിവാഹാഭ്യർത്ഥന നിരസിച്ചു; നടുറോഡിൽ യുവതിയെ ആക്രമിച്ച് ആൺസുഹൃത്ത്
ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ നടുറോഡിൽ 21 കാരിയെ ആക്രമിച്ച് യുവാവ്. തിങ്കളാഴ്‌ച വൈകുന്നേരം ബംഗളൂരുവിലായിരുന്നു സംഭവം. യുവതിയുടെ സുഹൃത്ത് നവീനാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
താമസസ്ഥലത്തിനു പുറത്തെ റോഡിൽ നിന്ന യുവതിക്ക് അരികിലായി നവീൻ കാർ നിർത്തുകയായിരുന്നു. അരികിലേക്കെത്തിയ ഇയാൾ അവരുടെ ബാഗ് പിടിച്ചു വാങ്ങി പരിശോധിച്ചു. തുടർന്നാണ് യുവതിയെ ആക്രമിച്ചത്. മുതുകിലും തലയിലും മർദനമേറ്റു. യുവതിയുടെ നിലവിളി കേട്ട് സമീപത്ത് ഉണ്ടായിരുന്നവർ എത്തിയപ്പോഴേക്കും നവീൻ കാറിൽ കയറി സ്ഥലം വിട്ടിരുന്നു. പരാതിയെ തുടർന്ന് പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു.
2024ലാണ് നവീനും യുവതിയും തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പിന്നീട് തുടർച്ചയായ മെസേജുകളിലൂടെയും ഫോൺകോളുകളിലൂടെയും അടുത്ത സുഹൃത്തുക്കളായി. എന്നാൽ നവീൻ നടത്തിയ വിവാഹാഭ്യർത്ഥന യുവതി നിരസിച്ചതോടെ ബന്ധം വഷളാകുകയായിരുന്നു.