സ്വിഫ്റ്റ് സൂപ്പർഫാസ്റ്റിന്റെ ചില്ല് മയക്കുമരുന്ന് ലഹരിയിൽ ആക്രമിച്ചു തകർത്തു, യുവാവ് അറസ്റ്റിൽ

Wednesday 24 December 2025 3:02 PM IST

തൃശ്ശൂർ: മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കുകയും ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തയാൾ പിടിയിൽ. പാലക്കാട്- തിരുവനന്തപുരം സർവീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിൽ തൃശൂർ പുതുക്കാടിന് സമീപമായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രിയാണ്‌ രാജേഷ് എന്ന യുവാവ് മയക്കുമരുന്ന് ലഹരിയിൽ ആക്രമണം നടത്തിയത്.

തൃശൂരിൽ നിന്നാണ് ഇയാൾ ബസിൽ കയറിയത്. ടിക്കറ്റെടുക്കാൻ തയ്യാറാകാത്ത രാജേഷ് യാത്രക്കാരോടും കണ്ടക്ടറോടും ബഹളമുണ്ടാക്കി. സ്ത്രീകളോട് മോശമായി പെരുമാറിയതോടെ തലോർ എന്ന സ്ഥലത്ത് ഇയാളെ ഇറക്കിവിടാൻ ശ്രമിച്ചു. ഇതോടെ ഇയാൾ ഡ്രൈവർ സുദീഷ് കുമാർ, കണ്ടക്ടർ രാഹുൽ എന്നിവരെ മർദ്ദിക്കാൻ ശ്രമിച്ചു.

പുറത്തിറങ്ങിയ രാജേഷ് ബസിന്റെ സൈഡ്‌ ഗ്ളാസ് തകർത്തു. ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ്, യാത്രക്കാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സ്‌ത്രീകളെ അസഭ്യം പറഞ്ഞതുമടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.