ഹിന്ദി പഠനം വിവാദമായപ്പോൾ 'ലേലു അല്ലു' പറഞ്ഞ് ബിജെപി കൗൺസിലർ
ന്യൂഡൽഹി: ഹിന്ദിയിൽ സംസാരിക്കാത്തതിന്റെ പേരിൽ ആഫ്രിക്കൻ വംശജനായ ഫുഡ്ബോൾ പരിശീലകനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ. ഡൽഹിയിലെ പബ്ലിക്ക് പാർക്കിലാണ് സംഭവം. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായി. ഇതോടെ പരസ്യമായി ക്ഷമാപണം നടത്തിയിരിക്കുകയാണ് ബിജെപി കൗൺസിലർ രേണു ചൗധരി.
ഡൽഹിയിലെ പബ്ലിക്ക് പാർക്കിൽ കുട്ടികളെ ഫുഡ്ബോൾ പരിശീലിപ്പിക്കുകയാണ് ആഫ്രിക്കൻ വംശജൻ. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഇന്ത്യയിൽ സ്വകാര്യ ഫുഡ്ബോൾ പരിശീലകനായി ജോലിചെയ്യുന്നുണ്ട്. ഇത്രയും കാലമായിട്ടും എന്തുകൊണ്ട് ഹിന്ദി പഠിച്ചില്ലെന്ന് ബിജെപി കൗൺസിലർ ചോദിച്ചു. ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. എട്ട് മാസം മുൻപും അദ്ദേഹത്തിനോട് ഹിന്ദി പഠിക്കണമെന്ന് രേണു ചൗധരി ആവശ്യപ്പെട്ടിരുന്നു. അന്ന് അദ്ദേഹം പരിശീലിപ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇടപെട്ടതോടെയാണ് കൗൺസിലർ ഭീഷണിയിൽ നിന്ന് പിന്മാറിയത്. ഇക്കാര്യം രേണു ചൗധരി തന്നെ പറയുന്നതും വീഡിയോയിൽ കാണാം.
ചുറ്റും കൂടി നിന്നവർ സംഭവം ഒരു തമാശയാകുമെന്നാണ് ആദ്യം കരുതിയത്. അവർ ചിരിക്കാൻ തുടങ്ങിയപ്പോൾ ചിരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞാണ് രേണു ചൗധരി ഇക്കാര്യങ്ങൾ പറഞ്ഞത്. നിങ്ങൾ ഈ രാജ്യത്ത് നിന്ന് പണം സമ്പാദിക്കുന്നുണ്ടെങ്കിൽ ഇവിടുത്തെ ഭാഷ പഠിച്ചിരിക്കണമെന്നായിരുന്നു കൗൺസിലറുടെ മുന്നറിയിപ്പ്. വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതോടെ സംഭവം രേണു ചൗധരിയെയും ബിജെപിയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. ക്ഷാമാപണം നടത്തിയെങ്കിലും ദൃശ്യങ്ങൾ ഇപ്പോഴും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.