'കേരളത്തിൽ ക്രിസ്മസിന് കേക്കും വൈനുമായി വരുന്നവരാണ് രാജ്യത്ത് ക്രൈസ്തവരെ ആക്രമിക്കുന്നത്'

Wednesday 24 December 2025 4:16 PM IST

തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസിനും ഈസ്റ്ററിനും കേക്കും വൈനുമായി ആഘോഷിക്കാൻ വരുന്നവരാണ് രാജ്യത്തുടനീളെ ക്രൈസ്തവരെ ആക്രമിക്കുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ക്രിസ്മസ് കാലത്തും രാജ്യത്തുടനീളെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. 2024ൽ മാത്രം 830 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ ഉണ്ടായത്. ഈ വർഷം ഒക്ടോബർ വരെ 706 അക്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആരാധനകളും പ്രാർത്ഥനാ കൂട്ടായ്മകളും തടയുകയും ക്രൈസ്തവർ ആക്രമിക്കപ്പെടുകയുമാണ്. ജബൽപൂരിൽ കാഴ്ചപരിമിതിയുള്ള സ്ത്രീയെ ആരാധനയ്ക്കിടയിൽ സംഘപരിവാർ ആക്രമിച്ചു. ഛത്തീസ്ഗഡിൽ ശവസസ്‌കാരം അനുവദിക്കാതിരിക്കുകയും തുടർന്നുണ്ടായ അക്രമത്തിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങൾ കത്തിക്കുകയും ചെയ്തു.

ക്രിസ്മസ് തലേന്ന് ബന്ദ് പ്രഖ്യാപിച്ച് ഒരു തരത്തിലുള്ള ക്രിസ്മസ് ആരാധനകളും നടത്തരുതെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ക്രിസ്മസ് അവധി പിൻവലിച്ചു. ബൈബിൾ വിതരണം ചെയ്തതിന്റെ പേരിൽ പാസ്റ്റർമാരെ അറസ്റ്റു ചെയ്തു. ബൈബിൽ വിതരണം ചെയ്യുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്? ഇക്കാര്യം അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട നക്ഷത്രങ്ങളും അലങ്കാരങ്ങളും വിൽക്കുന്ന കടകൾ വരെ ആക്രമിക്കപ്പെടുകയാണ്. മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ ബൈബിൾ വിതരണവും ആരാധാനയും പ്രാർത്ഥനാ കൂട്ടായ്മകളും നടത്തുന്നതിനെതിരെ കേസെടുക്കുകയാണ്.

കേരളത്തിൽ സമാധാനപരമാണെന്ന് പറയുമ്പോഴും പാലക്കാട്, കരോൾ സംഘത്തെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തെ ബി.ജെ.പി നേതാക്കൾ ന്യായീകരിക്കുകയാണ്. തിരുവനന്തപുരം പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം കൂടി ഉൾപ്പെടുത്തണമെന്നാണ് ബി.എം.എസ് നേതാവ് ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ക്രിസ്മസ് ആഘോഷം പിൻവലിച്ചു. കേരളത്തിലേക്കും സംഘപരിവാർ നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണ്.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ന്യൂനപക്ഷ കമ്മിഷൻ അഞ്ച് വർഷമായി പ്രവർത്തനരഹിതമാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനും പ്രവർത്തിക്കുന്നില്ല. മതേതര രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കേണ്ടവർ ആരാധന നടത്താനോ ക്രിസ്മസ് ആഘോഷിക്കാനോ അനുവദിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധവും ചെറുത്തു നിൽപും ഉയർന്നു വരേണ്ടതുണ്ട്. രാജ്യത്ത് ഉടനീളെയുള്ള ക്രിസ്മസ് ആഘോഷിക്കാൻ കഴിയാത്ത ക്രൈസ്തവ സഹോദങ്ങൾക്ക് നാം ഓരോരുത്തരും പിന്തുണ നൽകണം. മത ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് ആയുധം താഴെ വയ്ക്കാൻ സംഘ്പരിവാർ സംഘടനകളും തയാറാകണം'- വിഡി സതീശൻ പറഞ്ഞു.