'കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം അന്തിമം; ദീപ്തിമേരി പദവി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ തെറ്റുപറയാനാകില്ല'
കൊച്ചി: കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം എടുത്തിട്ടുണ്ടെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. പാർട്ടി തീരുമാനം അന്തിമമാണ്. മറ്റുവിഷയങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യും. ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് വിട്ടുവീഴ്ചയോടെ പ്രവർത്തിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അത് തന്നെയാണ് തന്റെ പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയർ സ്ഥാനത്ത് പരിഗണിച്ചിരുന്ന ദീപ്തി മേരി വർഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികമാണ്. താൻ കെഎസ് യു പ്രസിഡന്റായിരുന്ന കാലത്ത്, കോൺഗ്രസിന് കടന്ന് ചെല്ലാൻ കഴിയാതിരുന്ന മഹാരാജാസ് കോളേജിൽ ശക്തമായ പ്രവർത്തനം കാഴ്ചവെച്ച് അന്ന് മുതൽ ഇന്നുവരെ പൊതുപ്രവർത്തനം നടത്തുന്ന സഹോദരിയായ അവർ മേയർ പദവി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ തെറ്റുപറയാനാകില്ല.
അപാകതയുണ്ടെങ്കിൽ അതെല്ലാം ചർച്ച ചെയ്യേണ്ടത് പാർട്ടി വേദികളിലാണ്. അത് ചർച്ച ചെയ്യും. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒന്നിനോടും കടക്ക് പുറത്തെന്ന് പറയുന്ന പാർട്ടിയല്ല. അതാണ് കോൺഗ്രസിന്റെ സൗന്ദര്യവും. പാർട്ടി തീരുമാനം എടുക്കുമ്പോൾ, പാർട്ടി തലങ്ങളിൽ ആലോചിച്ച് എന്താണോ അന്നത്തെ കാലഘട്ടത്തിൽ പാർട്ടിക്ക് അനുയോജ്യമായത് അത് നേതൃത്വം ആലോചിച്ചെടുക്കും. അതിനെ അങ്ങനെ വ്യാഖ്യാനിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഒന്നോ രണ്ടോ സ്ഥലത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിലാകെ അഭിപ്രായ വ്യത്യാസം എന്ന് പറയുന്നത് ശരിയല്ല. കോൺഗ്രസിലും യുഡിഎഫിലും താരതമ്യേന പ്രശ്നങ്ങൾ കുറഞ്ഞ കാലഘട്ടമാണിത്. ജനാധിപത്യ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.