ഓയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

Thursday 25 December 2025 9:56 PM IST

തൊടുപുഴ: റോഡിലെ വിവിധയിടങ്ങളിൽ വാഹനങ്ങളിൽ നിന്നും ഓയിൽ വീണതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പാലാറൂട്ടിൽ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കരിങ്കുന്നം പ്ലാന്റേഷൻ, നെല്ലാപ്പാറ, കുണിഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലാണ് ഓയിൽ വീണതിനെത്തുടർന്ന് പിന്നാലെയെത്തിയ ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെട്ടത്. ബൈക്ക് മറിഞ്ഞതിനെ തുടർന്ന് ചിലർക്ക് ചെറിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. വഴി യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി ഓയിലിന് മുകളിൽ മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കി. സമീപകാലത്തായി പ്രദേശത്ത് ഇത്തരം അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്നുണ്ട്.