ഉന്നാവോ പീഡനക്കേസ്; പ്രതിഷേധിച്ച അതിജീവിതയ്‌ക്കും അമ്മയ്‌ക്കും മർദനം, മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതും തടഞ്ഞു

Wednesday 24 December 2025 6:40 PM IST

ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസ് പ്രതിയുടെ തടവുശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയെയും അമ്മയെയും തടഞ്ഞ് സിആർപിഎഫ് ഉദ്യോഗസ്ഥർ. ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗാറിനെതിരെയുള്ള തടവ് ശിക്ഷയാണ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ചത്. ചൊവ്വാഴ്ച വിധി വന്നതിന് പിന്നാലെ അതിജീവിതയ്‌ക്കും അമ്മയ്‌ക്കുമൊപ്പം ആക്‌ടിവിസ്‌റ്റും അഭിഭാഷകയുമായ യോഗിത ദയാനയും ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി.

ഇവരെ സിആർപിഎഫ് ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തു. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചില്ല. അതിജീവിതയെയും അമ്മയെയും സിആർപിഎഫ് ഉദ്യോഗസ്ഥർ ബസിലേക്ക് ബലമായി പിടിച്ചു കയറ്റി. ബസിൽ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥർ അതിജീവിതയുടെ അമ്മയെ കൈമുട്ട് കൊണ്ട് ഇടിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

2019 ഡിസംബറിൽ സെൻഗാറിന് ജീവപര്യന്തം നൽകിയ വിചാരണ കോടതി വിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. ആരോഗ്യ കാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സെൻഗർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. ഡൽഹിയിൽ തന്നെ തുടരണമെന്നും അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പോകാൻ പാടില്ലെന്നുമാണ് ഉത്തരവ്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പെൺകുട്ടിയുടെ അച്ഛനെ പൊലീസ് കസ്‌റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ 10 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന സെൻഗാർ നിലവിൽ ജയിലിൽ തുടരുകയാണ്.