രാസ ലഹരിവേട്ട : 3 പേർ പിടിയിൽ 

Wednesday 24 December 2025 6:49 PM IST

കോട്ടയം : പൂഞ്ഞാർ പനച്ചികപ്പാറയിൽ നിന്ന് 99.073 ഗ്രാം എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ പിടികൂടി. പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, ഈരാറ്റുപേട്ട നടക്കൽ മണിമലകുന്നേൽ ജീമോൻ, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. വിമലിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കാർ മാർഗമാണ് ലഹരി എത്തിച്ചത്. വിമൽ മുമ്പും എം.ഡി.എം.എയുമായി പിടിയിലായിട്ടുണ്ട്. പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി.