100 മീറ്റർ ഉയരമുള്ള മഹാവിഷ്‌ണു പ്രതിമ ജെസിബി കൊണ്ട് തകർത്തു, പ്രതിഷേധം

Wednesday 24 December 2025 6:58 PM IST

നോം പെൻ: കംബോഡിയയും തായ്‌ലൻഡും തമ്മിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. അതിർത്തിയിലെ തർക്ക മേഖലയിൽ പെട്ട കംബോഡിയയിലെ പ്രയ വിഹാർ പ്രവിശ്യയിലെ മഹാവിഷ്‌ണു ശിൽപം തായ്‌ലൻഡ് അധികൃതർ തകർത്തു. 2014ൽ ഇവിടെ സ്ഥാപിച്ച 328 അടി (100 മീറ്റർ) ഉയരമുള്ള വിഷ്‌ണു ശിൽപമാണ് ജെസിബി ഉപയോഗിച്ച് തകർത്തുകളഞ്ഞത്.

'ബുദ്ധ, ഹിന്ദു മതവിഭാഗക്കാർ ഒരുപോലെ ആരാധിക്കുന്ന ശിൽപങ്ങളും ക്ഷേത്രങ്ങളും തകർക്കുന്നതിനെ ഞങ്ങൾ അപലപിക്കുന്നു.' പ്രയ വിഹാർ പ്രവിശ്യാ വക്താവ് ലിൻ ചൻപൻഹ പറഞ്ഞു. ജെസിബി ഉപയോഗിച്ച് പ്രതിമ തകർക്കുന്നതിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. ദൃശ്യങ്ങൾ എഐ നിർമ്മിതമല്ലെന്ന് എഎഫ്‌പി സ്ഥിരീകരിച്ചിട്ടുണ്ട്. കംബോ‌ഡിയയിൽ ബുദ്ധ, ഹിന്ദു വിഭാഗങ്ങൾ ഒരുപോലെ ആരാധിക്കുന്ന പ്രതിമയായിരുന്നു ഇത്.

16 ദിവസങ്ങൾക്ക് മുൻപാണ് ഇരുരാജ്യങ്ങളും തമ്മിൽ അതി‌ർത്തിയിൽ തർക്കമുണ്ടായത്. അന്ന് 86പേരാണ് മരിച്ചത്. അതിർത്തിയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനെക്കുറിച്ച് തായ്‌ലൻഡ്, കംബോഡിയ സൈനിക ഉന്നതോദ്യോഗസ്ഥർ തമ്മിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജനറൽ ബോർഡർ കമ്മിറ്റി യോഗത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് തായ്‌ലൻഡ് പ്രതിരോധ വക്താവ് അറിയിച്ചത്.