ഹോട്ടായി കിയാരയുടെ നാദിയ, ടോക്സിക്   ലുക്ക്  

Thursday 25 December 2025 6:04 AM IST

യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന ചിത്രത്തിൽ ‘നാദിയ’ ആയി എത്തുന്ന കിയാര അദ്വാനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.കിയാരയുടെ ഇതുവരെ കാണാത്ത പുതുമ നിറഞ്ഞ ലുക്കിൽ ആണ് പോസ്റ്ററിൽ . ഗ്ലാമറിന്റെ സാന്നിദ്ധ്യത്തിൽ ആണ് ‘നാദിയ’ എന്ന കഥാപാത്രം . സർക്കസ് പശ്ചാത്തലത്തിൽ വർണാഭമായ ദൃശ്യവിസ്മയത്തിനുള്ളിൽ, ആഴത്തിലുള്ള വേദനയും വികാരസാന്ദ്രതയും ഒളിപ്പിച്ച കഥാപാത്രമായാണ് ‘ അവതരിപ്പിക്കുന്നത്. സാധാരണ വേഷത്തെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ നിർണായകമായ ചുവടുവയ്പ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. “ഒരു കലാകാരിയെ തന്നെ പുതുതായി നിർവചിക്കുന്ന തരത്തിലുള്ള പരിവർത്തനം” എന്നാണ് കിയാരയുടെ പ്രകടനത്തെ ഗീതു മോഹൻദാസ് വിശേഷിപ്പിച്ചത്.

ചരിത്ര വിജയമായ കെ ജി എഫ് ചാപ്റ്റർ 2ന്റെ നാലു വർഷങ്ങൾക്ക് ശേഷം യഷ് വമ്പൻ തിരിച്ചു വരവാണ് ടോക്സിക്കിലൂടെ നടത്തുന്നത്. യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രം ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രീകരിക്കുന്നത്; മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ് പതിപ്പുകളും ഒരുക്കുന്നുണ്ട്. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും , ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും അൻപറിവും ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. കെ .വി . എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും .പി .ആർ. ഒ പ്രതീഷ് ശേഖർ.