കോട്ടയം മെഡിക്കൽ കോളേജിൽ ടൈലുകൾ  പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി 

Wednesday 24 December 2025 7:27 PM IST

കോട്ടയം: കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ടൈലുകൾ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ഒ.പി വിഭാഗത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന 18ാം വാർഡായ ഇ.എൻ.ടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയിൽ പാകിയിരുന്ന ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവസമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാർഡിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ടു പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാർ ഇവരെ ഒ.പി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിന് തകരാർ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ പരിശോധനകളും ഇന്നലെ നടത്തി.