പാട്ടിനെ പേടിച്ച പാർട്ടി
ആവിഷ്കാര സ്വാതന്ത്ര്യമെന്നത് സി.പി.എമ്മിന് മുഷ്ടിചുരുട്ടി വിളിക്കുന്ന മുദ്രാവാക്യം പോലെ പ്രധാനമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഏതു കടന്നുകയറ്റത്തേയും സർവശക്തിയുമെടുത്ത് പ്രതിരോധിക്കണമെന്നാണ് പാർട്ടി നിർദ്ദേശം. തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാഡമി നടത്തിയ ചലച്ചിത്രോത്സവത്തിൽ നൂറ്റിഎൺപത്തിയേഴ് സിനിമികൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന കേന്ദ്രസർക്കാർ വിലക്കിനെ നഖശിഖാന്തം എതിർത്ത് നൂറ്റിഎൺപത്തിയൊന്നും പ്രദർശിപ്പിച്ചു. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം ചലച്ചിത്ര അക്കാഡമി ഈ തീരുമാനം എടുത്തതിന് പിന്നിലെ രാഷ്ട്രീയ നിലപാട് സി.പി.എമ്മിന്റേതായിരുന്നു. അങ്ങനെ കേന്ദ്രത്തിനെതിരായ വികാരം തിളച്ചുപൊന്തുന്ന വേളയിലാണ് പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ടിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങിയത്. അതിന് മുൻപേ ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ സെക്രട്ടറി എന്ന പേരിൽ പാട്ടിനെതിരെ രംഗത്തുവന്ന റാന്നി സ്വാദേശി പ്രസാദ് കുഴിക്കാലയെ പാർട്ടി പിന്തുണയ്ക്കുകയും ചെയ്തു. പാട്ട് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്നതും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി പ്രസാദ് കുഴിക്കാല ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെ കേസെടുത്തു.
പ്രസാദ് കുഴിക്കാല സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ നാട്ടുകാരനാണ്. കുഴിക്കാല കുഴിയിൽ ചാടിക്കില്ലെന്ന് രാജുവിന് നാന്നായി അറിയാം. പ്രസാദിന്റെ സഹോദരൻ പ്രകാശൻ പാർട്ടി സഹയാത്രികനും റാന്നിയിലെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. അയ്യപ്പഗാനത്തിന് പാരഡിയായി പാട്ടെഴുതിയത് നാദാപുരംകാരനായ കുഞ്ഞബ്ദുള്ളയാണ്. ' പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ" എന്നു തുടങ്ങുന്ന പാട്ടിൽ ' സ്വർണം കട്ടവനാരപ്പ, സഖാക്കളാണേ അയ്യപ്പ " എന്ന വരിയാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഉപയോഗിച്ച പാട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്നായിരുന്നു രാജു ഏബ്രഹാമിന്റെ പരാതി. പരാതി എഴുതി തയ്യാറാക്കാൻ ഏൽപ്പിച്ചത് പന്തളം കൊട്ടാര നിർവാഹക സമിതി അംഗമായ പാർട്ടി ഏരിയ കമ്മറ്റി അംഗത്തെയാണ്. അയ്യപ്പൻ കളിച്ചുവളർന്ന പന്തളം കൊട്ടാരവുമായി അടുത്തബന്ധുള്ളയാളെത്തന്നെ പരാതി നൽകാൻ ഏൽപ്പിച്ചത് നല്ലബുദ്ധി തന്നെയാണ്.
നേരം വെളുക്കാത്ത പാർട്ടി
പണ്ട് 'മന്ത്രിയേ, പയ്യപ്പോ" എന്ന് കെ. കരുണാകരനെ പരിഹസിച്ച് പാട്ട് എഴുതിപ്പാടിയ പാർട്ടിക്കാരാണ് ഇപ്പോൾ ഗൾഫിലിരുന്ന് കുഞ്ഞബ്ദുള്ള എഴുതിയ പോറ്റിയേ കേറ്റിയേ പാട്ട് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ആരോപിച്ചിരിക്കുന്നത്. തങ്ങൾക്ക് അനുകൂലമാകുന്നതേ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരികയുള്ളൂവെന്ന സൈദ്ധാന്തിക നിലപാടാണ് പാർട്ടിക്കുള്ളത്. എമ്പുരാൻ സിനിമയ്ക്കെതിരെ സംഘപരിവാർ ശബ്ദമുയർത്തിയപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നു കയറ്റമായി കണ്ടു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സിനിമ കണ്ട് പുകഴ്ത്തി. സംഘപരിവാർ കേരള സ്റ്റോറി സിനിമയുമായി വന്നപ്പോൾ കേരളത്തിൽ വിലക്കിയത് ഇതേ ഇടതു സർക്കാരാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻമാർ ഇങ്ങനെ തരംപോലെ നിലപാട് മാറ്റുന്നത് അപഹാസ്യമാണ്. ഇത് സത്യം കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലമാണ്. ഒരിക്കൽ പറഞ്ഞത് മാറ്റി പറഞ്ഞാൽ ആദ്യം പറഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവരും. ഇതൊന്നും സി.പി.എം നേതാക്കൾ ഉൾക്കൊണ്ടിട്ടില്ല. അവർ കാളവണ്ടി യുഗത്തിലെ കമ്മ്യൂണിസത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിലെ മേശയും മൈക്കും തകർക്കുകയും മുണ്ട് മാടിക്കുത്തി മേശപ്പുറത്ത് കയറി നിന്ന് അഭ്യാസം കാട്ടുകയും ചെയ്ത അന്നത്തെ സി.പി.എം എം.എൽ.എമാരുടെ ചെയ്തികൾക്ക് തെളിവില്ലെന്നാണ് ഇപ്പോഴത്തെ പിണറായി സർക്കാർ കോടതിയിൽ പറഞ്ഞിരിക്കുന്നത്. ലോകമാകെ കണ്ട ആ ദൃശ്യങ്ങൾ സത്യമല്ലെന്ന് സി.പി.എം പറഞ്ഞാൽ അതു വിശ്വസിക്കുന്ന കാലം കഴിഞ്ഞു.
തോൽവിയുടെ നാണക്കേട് പാട്ടിൽ മറഞ്ഞു
പരാതിയെ തുടർന്ന് പോറ്റിയേ കേറ്റിയേ പാട്ടിനെ സമൂഹമാദ്ധ്യമങ്ങളിൽ നീക്കം ചെയ്യാനുള്ള ശ്രമം പൊലീസ് ആരംഭിച്ചപ്പോഴാണ് പഴയ ചില കാര്യങ്ങൾ സി.പി.എമ്മിനെതിരെ ഉയർന്നുവന്നത്. ആവിഷ്കാര സ്വാതന്ത്രത്തിൽ പ്രതിരോധത്തിലായ പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്പെടാനുള്ള നീക്കത്തിൽ നിന്ന് ഉൾവലിഞ്ഞിരിക്കുകയാണ്. പാർട്ടി എക്കാലത്തും ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പാമെണെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രപഖ്യാപിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഒഴിഞ്ഞുമാറ്റം. പാരഡി പാട്ടിനെതിരെ പൊലീസിൽ പരാതി നൽകിയ ആൾക്കൊപ്പമാണോ എന്നു ചോദിച്ചാൽ അദ്ദേഹത്തിന് പാർട്ടിയുമായി ബന്ധമില്ല. സി.പി.എം എന്തിനാണ് തന്റെ പിന്നാലെ നടക്കുന്നതെന്ന് പരാതിക്കാരൻ പരിഹാസത്തോടെ ചോദിക്കുന്നു. ഒടുവിൽ, പാരഡി പാട്ടിനെതിരെ പരാതിയില്ലാകുന്നു. പോറ്റിയേ കേറ്റിയേ എന്ന പാട്ട് കുട്ടികൾ പോലും താളത്തിൽ പാടുന്നു. സ്വർണം കട്ടവനാരപ്പ, സഖാക്കളാണേ അയ്യപ്പ എന്ന് സി.പി.എം കുടുംബങ്ങളിലും കുട്ടികൾ പാടുന്നു. പാട്ടിനെ തകർക്കണമെങ്കിൽ ആദ്യം വീട്ടിലെ കുട്ടികളെ തല്ലണമെന്ന സ്ഥിതിയിലാണ് പാർട്ടി. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാരഡിയുടെ പേരിൽ കടുത്ത വിമർശനം ഏൽക്കേണ്ടി വന്നതോടെയാണ് പാർട്ടിക്ക് പരാതികൾ ഇല്ലാതായത്. പാട്ട് വിവാദം കത്തിയതിലൂടെ തോൽവിയുടെ നാണക്കേട് കുറച്ചു നാളത്തേക്കെങ്കിലും മറയ്ക്കാൻ കഴിഞ്ഞുവെന്ന് നേതാക്കൾക്ക് സമാധാനിക്കാം.