സോണിയാ ഗാന്ധിയുടെ അപ്പോയിൻമെന്റ് സ്വർണ്ണക്കേസ് പ്രതികൾക്ക് എങ്ങനെ ലഭിച്ചു ?,​ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി

Wednesday 24 December 2025 8:07 PM IST

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ ധാരാളം പേർ കോൺഗ്രസുമായി നല്ല ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണ മോഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞങ്ങളാരും ഇതുവരെ കക്ഷിരാഷ്ട്രീയം കണ്ടിട്ടില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നതാണ് സർക്കാരിന്റെ നിലപാട്. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, പോറ്റി സ്വർണ്ണം വിറ്റ ഗോവർദ്ധൻ എന്ന ബല്ലാരി സ്വദേശിയായ വ്യാപാരി ഇവർ രണ്ട് പേരും സോണിയാ ഗാന്ധിയുമായി നിൽക്കുന്ന ചിത്രം പുറത്തായിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഒരു ചിത്രത്തിൽ ഗോവർദ്ധൻ എന്ന ഈ കേസിലെ പ്രതിയിൽ നിന്ന് സോണിയാ ഗാന്ധി ഉപഹാരം സ്വീകരിക്കുന്ന നിലയിൽ ആണ്. രണ്ടാമത്തെ ചിത്രത്തിൽ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ കൈയ്യിൽ എന്തോ കെട്ടി കൊടുക്കുന്നതാണ്. ചിത്രത്തിൽ ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട എം പി ആന്റോ ആന്റണിയും, പത്തനംതിട്ട ജില്ലക്കാരനും നിലവിൽ ആറ്റിങ്ങൽ എം പിയുമായ അടൂർ പ്രകാശും സോണിയാ ഗാന്ധിക്ക് ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞങ്ങളാരും ഇതുവരെ കക്ഷിരാഷ്ട്രീയം കണ്ടിട്ടില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നതാണ് സർക്കാരിന്റെ നിലപാട്. അത് ആരായാലും ശിക്ഷ ലഭിക്കുക തന്നെ വേണം. ഇതുമായി ബന്ധപ്പെട്ട് ധാരാളം പേർ നല്ല കോൺഗ്രസ് ബാന്ധവം ഉള്ളവരാണ്. ആരുടെയും പേര് ഞങ്ങൾ ആരും ഇതുവരെ പറഞ്ഞിട്ടില്ല, കുറ്റവാളിയാണെങ്കിൽ അന്വേഷണ സംഘം കണ്ടെത്തട്ടെ. അതുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കട്ടെ എന്നാണ് കാണുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പലതരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് എന്റെ പേരും ഉപയോഗിക്കുന്നുണ്ടാകും. ചിത്രങ്ങളും വക്രീകരിച്ച് ഉപയോഗിക്കുന്നുണ്ടാകും. ശബരിമല വിഷയത്തിൽ കക്ഷിരാഷ്ട്രീയം കാണാതെ നിലപാടുകൾ സ്വീകരിച്ചപ്പോൾ എതെല്ലാം തരത്തിൽ എൽഡിഎഫിനെ മോശമായി ചിത്രികരിക്കാം എന്നാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി അവർ വ്യാപകമായ പ്രചാരണം നടത്തുന്നു; പാട്ടുപാടുന്നു; സഖാക്കളെ കള്ളന്മാർ എന്നു വിളിക്കുന്നു. ഇങ്ങനെയെല്ലാമുള്ള കാര്യങ്ങൾ നടക്കുകയാണ്. ഇവിടെ ചില ചില കാര്യങ്ങൾക്ക് വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. ഇതൊന്നും പറയാൻ പറ്റുന്നതല്ല, എന്നാലും പറയാതിരിക്കാനും പറ്റില്ല, ഇങ്ങനെ പറയിക്കലാണോ പഴയ ആഭ്യന്തരമന്ത്രി ഉദ്ദേശിച്ചതെന്നും അറിയില്ല. അദ്ദേഹം കൂടി താൽപര്യപ്പെടുന്ന കാര്യം ആയതുകൊണ്ട് പറയുന്നതാണ് നല്ലത്.

സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, പോറ്റി സ്വർണ്ണം വിറ്റ ഗോവർദ്ധൻ എന്ന ബല്ലാരി സ്വദേശിയായ വ്യാപാരി ഇവർ രണ്ട് പേരും സോണിയാ ഗാന്ധിയുമായി നിൽക്കുന്ന ചിത്രം പുറത്തായിട്ടുണ്ട്. ഒരു ചിത്രത്തിൽ ഗോവർദ്ധൻ എന്ന ഈ കേസിലെ പ്രതിയിൽ നിന്ന് സോണിയാ ഗാന്ധി ഉപഹാരം സ്വീകരിക്കുന്ന നിലയിൽ ആണ്. രണ്ടാമത്തെ ചിത്രത്തിൽ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ കൈയ്യിൽ എന്തോ കെട്ടി കൊടുക്കുന്നതാണ്. ചിത്രത്തിൽ ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട എം പി ആന്റോ ആന്റണിയും, പത്തനംതിട്ട ജില്ലക്കാരനും നിലവിൽ ആറ്റിങ്ങൽ എം പിയുമായ അടൂർ പ്രകാശും സോണിയാ ഗാന്ധിക്ക് ഒപ്പം.

രാജ്യത്തെ തന്ത്ര പ്രധാന സുരക്ഷയുള്ള ഏതാനും ചിലരിൽ ഒരാൾ ആണ് സോണിയാ ഗാന്ധി. അവരുടെ അപ്പോയിൻമെന്റ് ലഭിക്കാൻ ഉള്ള കാലതാമസത്തെ പറ്റി ഒരു പാട് കോൺഗ്രസ് നേതാക്കൾ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. ഇന്നും കേരളത്തിൽ ലീഡർ എന്ന വിശേഷണ പദത്തോടെ സാധാരണ കോൺഗ്രസ്‌കാർ വിളിക്കുന്ന കെ കരുണാകരൻ പറഞ്ഞത് ഓർമ്മയില്ലേ? 2003 ൽ കെ കരുണാകരൻ അപ്പോയിൻമെന്റ് ലഭിക്കാതെ കേരളാ ഹൗസിൽ താമസിക്കേണ്ടി വന്നതും പിന്നാലെ കേരളത്തിൽ മടങ്ങി എത്തി നീരസം പരസ്യമാക്കിയതും നിങ്ങളിൽ ചിലർക്ക് എങ്കിലും ഓർമ്മ കാണുമല്ലോ.

ആസാം മുഖ്യമന്ത്രിയും പഴയ കോൺഗ്രസ് നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ ഗാന്ധി കുടുംബത്തിന്റെ അപ്പോയിൻമെന്റിന് ശ്രമിച്ചതും മടുത്തപ്പോൾ ബി ജെ പിയിൽ ചേർന്നതും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിലെ കോൺഗ്രസ് നിയമസഭാ കക്ഷി മുഴുവനായി ബി ജെ പി ആയി മാറിയതിന് പിന്നിലും ഈ അപ്പോയിൽമെന്റ് ലഭിക്കാത്തത് ആണ് എന്ന വാർത്ത വന്നിരുന്നല്ലോ. രാജ്യത്തെ മുൻനിര കോൺഗ്രസ് നേതാക്കൾക്ക് പോലും എളുപ്പത്തിൽ ലഭിക്കാത്ത സോണിയാ ഗാന്ധിയുമായുള്ള അപ്പോയിൻമെന്റ് ഈ സ്വർണ്ണക്കേസ് പ്രതികൾക്ക് എങ്ങനെ ലഭിച്ചു ?

ഇവിടെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള പോർട്ടിക്കോയിൽ വെച്ചായിരുന്നു ഒരു കൂട്ടർ ശബരിമലയ്ക്ക് കൊടുക്കുന്ന ആംബുലൻസിന്റെ ഉദ്ഘാടനം നടന്നത്. അവിടെ ആൾക്കുട്ടത്തിനിടയിൽ പോറ്റി ഉണ്ടായിരുന്നു എന്നും എന്റെ അടുത്തായിരുന്നു എന്നും പറഞ്ഞാണ് പ്രചരണം നടക്കുന്നത്. അതുപോലെ അല്ലല്ലൊ ഇത്. ഒരു പൊതു ഇടത്തിൽ ഉണ്ടായിരുന്ന പോലെ അല്ല, അപ്പോയിന്റ്‌മെന്റ് എടുത്ത് കൈയ്യിൽ കെട്ടികൊടുക്കുന്ന പോലുള്ള സംഭവം നടക്കുന്നത്.

സോണിയാ ഗാന്ധിയുടെ വസതിയിൽ ഇവരെയും വിളിച്ച് കൊണ്ട് പോകാൻ മാത്രം അടൂർ പ്രകാശിനും ആന്റോ ആന്റണിക്കും എന്ത് തരം ബന്ധം ആണ് ഈ പോറ്റിയുമായും ഗോവർദ്ധനനുമായും ഉള്ളത് ? ഇത് അവരാണ് വ്യക്തമാക്കേണ്ടത്.

യു ഡി എഫ് ഭരണകാലത്ത് ശബരിമലയിൽ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ ഈ പോറ്റിയും ഗോവർദ്ധനും എങ്ങനെ പ്രധാന പങ്കാളികൾ ആയി. ഈ ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവോ മുൻ പ്രതിപക്ഷ നേതാവോ മറുപടി പറഞ്ഞിട്ടുണ്ടോ? ഈ ഭാഗങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ട് മറ്റ് പ്രചരണങ്ങൾ നടത്തുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ.