ഗുരുകല്പനയിൽ പിറന്ന തീർത്ഥാടനം

Thursday 25 December 2025 12:34 AM IST

ഭാരതീയ ആദ്ധ്യാത്മിക ഗുരുക്കന്മാരുടെ പരമ്പരയിൽപ്പെട്ട ശ്രീനാരായണ ഗുരുദേവൻ ബ്രഹ്മജ്ഞാനിയും അതോടൊപ്പം കർമ്മജ്ഞാനിയുമാണ്. 'നമ്മുടെ പ്രഭാവം മഹാസമാധിക്ക് നൂറുവർഷം തികയുമ്പോഴാ"ണെന്ന് ഭൗതികശരീരം ഉപേക്ഷിക്കും മുമ്പുതന്നെ ഗുരുദേവൻ അരുളി ചെയ്തിരുന്നു. 2028-ൽ ഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി ലോകമെമ്പാടും നിറയുന്നതിന്റെ സൂചനയാണ് അടുത്തകാലത്ത് വത്തിക്കാനിൽ 'സർവമത സമന്വയം മാനവരാശിക്കായി" എന്ന ആശയം മുൻനിറുത്തി ചരിത്രം സൃഷ്ടിച്ച പരിപാടികൾ അരങ്ങേറിയത്.

ജാതി,​ മത,​ ദേശ,​ ഭാഷാഭേദമെന്യേ ആദ്ധ്യാത്മികവും ഭൗതികവുമായ അഭിവൃദ്ധിക്കുവേണ്ടി മറ്റൊരു തീർത്ഥാടനവും ലോകത്തെങ്ങുമില്ല. 1928 ജനുവരി 16-ന് വല്ലഭശേരി ഗോവിന്ദൻ വൈദ്യരും പി.കെ. കൃഷ്ണൻ റൈറ്ററും ചേർന്ന് അനുവാദം തേടി,​ സരസകവി മൂലൂർ പത്മനാഭ പണിക്കരുടെ ഇലവുംതിട്ടയിലെ കേരളവർമ്മ സൗധത്തിൽ നിന്ന്,​ 1932 ഡിസംബർ 20-ന് പീതാംബരധാരികളായ അഞ്ചുപേരിൽ നിന്ന് ആരംഭിച്ചതാണ് തീർത്ഥാടനം. ഈ വർഷം ഒരു കോടിയോളം വരുന്ന തീർത്ഥാടകരെയാണ് ശിവഗിരി പ്രതീക്ഷിക്കുന്നത്.

പരിപാവനമായ മഹാസമാധിസ്ഥാനം കൂടാതെ പരവിദ്യയുടെ ദേവത കുടികൊള്ളുന്ന ശാരദാമഠം, ഗുരുകല്പിതവും അതിശക്തവുമായ മന്ത്രങ്ങളുരുവിടുന്ന പർണശാല, ഗാന്ധിജിയും ടാഗോറും സന്ദർശിച്ച വൈദിക മഠം, ഗുരുപൂജാ മന്ദിരം, ബോധാനന്ദ സ്വാമികളുടെയും ശാശ്വതീകാനന്ദ സ്വാമികൾ, ശങ്കരാനന്ദ സ്വാമി തുടങ്ങിയവരുടെ സമാധി മന്ദിരങ്ങൾ, അയ്യൻ കേശവൻ സമർപ്പിച്ചതും ഗുരു ഉപയോഗിച്ചതുമായ റിക്ഷാ മന്ദിരം എന്നിവ ശിവഗിരി തീർത്ഥാടകരുടെ പ്രധാന പുണ്യകേന്ദ്രങ്ങളാണ്.

എട്ട് തീർത്ഥാടന ലക്ഷ്യങ്ങളിൽ പ്രഥമസ്ഥാനം ശ്രീനാരായണഗുരു കല്പിച്ചനുവദിച്ച വിദ്യാഭ്യാസത്തിനാണ്. അതുകൊണ്ടാണ് ആത്മീയവും ഭൗതികവുമായ അറിവ് പകരുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ ശിവഗിരി പ്രദേശം സമ്പന്നമാകുന്നത്. ഗുരുദേവന്റെ അനുഗ്രഹത്തോടെ,​ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലവും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയും ശിവഗിരിക്കു സമീപമാണ്. മഹത്തായ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ജി.സിയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഇന്ത്യയിലെമ്പാടും ഗുരുദേവന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.

ലോക പ്രസിദ്ധമായ ഗുരുദേവ മഹാസമാധി ക്ഷേത്രം ശിവഗിരി കുന്നിന്റെ നെറുകയിൽ സ്ഥാപിക്കുന്ന കാര്യത്തിൽ കാശി സിദ്ധനും പങ്കുണ്ടായിരുന്നു. പിന്നീടാണ് ഗുരുഭക്തനായ ഷൊർണൂരിലെ എം.പി. മുത്തേടം വിദഗ്ദ്ധരെ വരുത്തി മഹാക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി ഗുരുദേവന്റെ മാർബിൾ വിഗ്രഹം കാശിയിലെ പ്രശസ്തനായ ശില്പിയെക്കൊണ്ട് നിർമ്മിച്ച് ഏറ്റവും പ്രൗഢിയോടെ പ്രതിഷ്ഠിച്ചത്. സമാധി മന്ദിരം അനാച്ഛാദനം ചെയ്തത് അന്ന് രാഷ്ട്രപതിയായിരുന്നു സക്കീർ ഹുസൈനായിരുന്നു. മുഖ്യമന്ത്രി ഇ.എം.എസ്, തികഞ്ഞ യുക്തിവാദിയായ സഹോദരൻ അയ്യപ്പൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഷൊർണൂരിൽ നിന്ന് പ്രതിഷ്ഠാ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കും പ്രതിഷ്ഠാ മഹോത്സവത്തിനും ആർ. ശങ്കർ, പത്രാധിപർ കെ. സുകുമാരൻ, സി.ആർ. കേശവൻ വൈദ്യർ തുടങ്ങിയവർ നേതൃത്വം നൽകി.

ഗുരുദേവ ദർശന പഠന സാദ്ധ്യതകൾ ആഴത്തിൽ ഉൾക്കൊണ്ട് ശിവഗിരി കേന്ദ്രമായി ശ്രീനാരായണ സർവകലാശാല യാഥാർത്ഥ്യമാക്കേണ്ടിയിരിക്കുന്നു. വർക്കലയിലെ ടൂറിസം സ്വപ്നങ്ങൾ സാക്ഷത്കരിക്കുമ്പോൾ തീർത്ഥാടനവുമായി ബന്ധപ്പെടുത്തുന്നത് ഉചിതമാണ്. അതോടൊപ്പം ശിവഗിരിയുടെ സമഗ്രവികസനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും ലോകത്തെമ്പാടുമുള്ള ഗുരുഭക്തരുടെയും നിർലോപമായ സഹായ സഹകരണവും അനിവാര്യമാണ്.

ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിലേക്കും, പട്ടികജാതി- പട്ടികവർഗക്കാർ ഉൾപ്പെടെ അധഃസ്ഥിത വിഭാഗങ്ങളിലേക്കും ഗുരുദർശനം വ്യാപിക്കേണ്ടതുണ്ട്. തീർത്ഥാടകർ കൂർക്കഞ്ചേരി മഹേശ്വര ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, കുദ്രോളി ഗോകർണനാഥ ക്ഷേത്രം തുടങ്ങി ഗുരുദേവൻ പ്രതിഷ്ഠിച്ച പ്രശസ്തമായ കേന്ദ്രങ്ങൾ കൂടി സന്ദർശിക്കാൻ സഹായങ്ങൾ നൽകേണ്ടതുണ്ട്. കാമ ക്രോധ ലോഭ മദ മാത്സര്യാദികളെ അതിജീവിച്ചുകൊണ്ട് സമഷ്ടിയുടെ നന്മയ്ക്കുവേണ്ടി മനുഷ്യരാശിയെ ഒരുമിപ്പിക്കാൻ തീർത്ഥാടക പങ്കാളിത്തംകൊണ്ട് നമുക്ക് സാധിക്കണം. ഗുരുദേവന്റെ മഹിത സവിധമായ ശിവഗിരിയിലേക്ക് ഒഴുകിയെത്തുന്ന ലോകമെമ്പാടുമുള്ള തീർത്ഥാടക ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നു.

(ഗുരുപ്രഭാഷകനും എഴുത്തുകാരനുമാണ് ലേഖകൻ. മൊബൈൽ: 95679 34095)​