പൊൻമുടിയിൽ ഐട്രെക്കിന്റെ പ്ലാസ്റ്റിക് ക്ലീൻഅപ് ഡ്രൈവ്
വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ തിരുവനന്തപുരം ഐട്രെക്ക് ടീമിന്റെ നേതൃത്വത്തിൽ വനപാലകരുമായി കൈകോർത്ത് പ്ലാസ്റ്റിക് ക്ലീൻഅപ് ഡ്രൈവ് സംഘടിപ്പിച്ചു. പൊൻമുടി അപ്പർസാനിറ്റോറിയത്തിലെ ഒറ്റമരം,കമ്പിമൂട്, ഗസ്റ്റ് ഹൗസ്. കെ.ടി.ഡി.സി മേഖലകളിൽ വൻതോതിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. കുമിഞ്ഞുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ ചാക്കിൽ നിറച്ച് സംസ്കരിച്ചു. മേഖലയിൽ വിനോദസഞ്ചാരികൾ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നതായി നേരത്തേ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒരാഴ്ച മുൻപ് ഗ്രീൻ റെസ്ക്യൂ ആക്ഷൻഫോഴ്സിന്റെ നേതൃത്വത്തിൽ വനസംരക്ഷണ സമിതിയുമായി ചേർന്ന് പ്ലാസ്റ്റിക് ക്ലീനിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
കല്ലാർ ഗോൾഡൻവാലി മുതൽ ഇരുപത്തിരണ്ടാം വളവ് വരെയുള്ള ഭാഗങ്ങളിൽ വൻതോതിൽ മാലിന്യം നിക്ഷേപിച്ചുവരികയായിരുന്നു. ഇത് നീക്കം ചെയ്തു.
ടൂറിസ്റ്റ് സംഘങ്ങൾ റോഡരികിലും നദിക്കരയിലുമിരുന്ന് ഭക്ഷണം കഴിച്ചശേഷം മാലിന്യവും കുപ്പിയുമടക്കം വനത്തിൽ നിക്ഷേപിക്കുകയാണ് പതിവ്. മാലിന്യം ഭക്ഷിക്കാൻ പന്നികളും നായ്ക്കളും ഇവിടെയെത്താറുണ്ട്. നേരത്തേ ആവിഷ്ക്കരിച്ച ക്ലീൻ പൊൻമുടി ഗ്രീൻപൊൻമുടി പദ്ധതി അനിശ്ചിതത്വത്തിൽ ആയതോടെയാണ് പൊൻമുടി മേഖല വീണ്ടും മാലിന്യത്തിൽ മുങ്ങിയത്.
മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്ക് പാലോട് റേഞ്ച് ഓഫീസർ വി.വിപിൻചന്ദ്രൻ, സെക്ഷൻഫോറസ്റ്റ് ഓഫീസർ എ.ഷാജി, വനസംരക്ഷണസമിതി പ്രസിഡന്റ് സുനീഷ്, പി.ആർ.ടി അംഗം രാജേഷ്,വി.എസ്.എസ് അംഗം രാജേഷ്പൊൻമുടി എന്നിവർ നേതൃത്വം നൽകി.