പാകിസ്ഥാനും ചൈനയുമെന്നല്ല ഇന്ത്യയെ എതിർക്കുന്നവരെല്ലാം ഇനി വിറയ്‌ക്കും, 10 ലക്ഷ്യസ്ഥാനങ്ങളെ തകർക്കുന്ന ആയുധം തയ്യാർ
ന്യൂഡൽഹി: ലോകശക്തിയായി മാറിയ ഇന്ത്യക്ക് പല രാജ്യങ്ങളും ഭീഷണിയുയർത്താറുണ്ട്. ഏതുതരം ഭീഷണിയെയും പ്രതിരോധിക്കാൻ പുതിയ ആയുധങ്ങളും ഇന്ത്യയ്‌ക്ക് ഇന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ആകാശ്-എൻജി മിസൈൽ സംവിധാനം. ഭൂതല വ്യോമ മിസൈൽ സംവിധാനമാണ് ആകാശ്.
ഡിഫൻസ് റിസർട്ട് ആൻഡ് ഡെവലപ്പ്‌മെന്റ് ഓർഗനേസേഷൻ (ഡിആർഡിഒ) ആണ് ആകാശ്-എൻജി മിസൈൽ പരീക്ഷിച്ചത്. ഡിആർഡിഒ വികസിപ്പിച്ച മിസൈൽ നിർമ്മിച്ചത് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (ബിഡിഎൽ) ആണ്. അതിർത്തിയിലെ തന്ത്രപ്രധാനമായ മേഖലകളിലും വ്യോമാക്രമണ പ്രതിരോധത്തിനും ആകാശ്-എൻജി (ആകാശ്-നെക്‌സ്റ്റ് ജനറേഷൻ).
2014 മുതൽ വായുസേനയുടെയും കരസേനയുടെയും ഭാഗമായ ആകാശ് മിസൈൽ സംവിധാനത്തിന്റെ പുതിയ പതിപ്പാണ് ആകാശ്-എൻജി. ആകാശ് മുൻ തലമുറ മിസൈലിനെക്കാൾ ഭാരം കുറവാണ് ആകാശ്-എൻജിയ്‌ക്ക്. 720 കിലോയാണ് മുൻ പതിപ്പിനുണ്ടായിരുന്നത്. പുതിയതിനാകട്ടെ 350 കിലോയാണ് ഭാരം.
തദ്ദേശിയ റേഡിയോ ഫ്രീക്വൻസി സീക്കർ (ആർഎഫ്), ഡ്യുവൽ പൾസ് സോളിഡ് റോക്കറ്റ് മോട്ടോർ, തദ്ദേശീയമായി നിർമ്മിച്ച റഡാർ ആൻഡ് കമാൻഡ്, കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ ആകാശ്-എൻജിയുടെ പ്രത്യേകതയാണ്. അതിവേഗ, താഴ്‌ന്ന പ്രതല, ദീർഘദൂര പ്രതലങ്ങളെ ലക്ഷ്യം വയ്‌ക്കാൻ ഇവയ്‌ക്കാകും. ഇവയുടെ റേഞ്ച് 30 കിലോമീറ്ററും 18 കിലോമീറ്റർ ഉയരത്തിലും പായാൻ ഇതിനാകും. ഓരോ സെക്കന്റിൽ ഒരു ലക്ഷ്യം എന്ന കണക്കിന് ഒരുസമയം 10 ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ഇവയ്‌ക്ക് കഴിയും. വാഹനങ്ങളിലോ ഉറപ്പേറിയ സ്ഥലത്തോ വച്ച് ഇവയെ പ്രവർത്തിപ്പിക്കാൻ കഴിയും എന്നതും പ്രത്യേകതയാണ്.