ദിവ്യജ്യോതി ഏതിരേൽപ്പ് ഇന്ന് 

Thursday 25 December 2025 11:39 PM IST

ഇടുക്കി: ശിവഗിരി മഹാസമാധിയിൽ നിന്നെത്തിക്കുന്ന ദിവ്യജ്യോതിക്ക് ഇന്ന് വൈകുന്നേരം 6 ന് ചുരുളി ഗുരുദേവ ക്ഷേത്രത്തിൽ എതിരേൽപ്പ് നൽകുമെന്ന് ശാഖായോഗം സെക്രട്ടറി എം എൻ ഷണ്മുഖദാസ് അറിയിച്ചു. ജനുവരി 20 മുതൽ 24 വരെ നടക്കുന്ന തിരുവുത്സവത്തിന് മുന്നോടിയായിട്ടാണ് ക്ഷേത്രത്തിൽ നിന്നും ഭവനങ്ങളിലേക്ക് ദിവ്യജ്യോതി പ്രയാണം നടത്തുന്നത്. ശിവഗിരി മഹാസമാധിയിൽ നിന്നും ക്ഷേത്രം മേൽശാന്തി എൻ ആർ പ്രമോദ് ശാന്തികളുടേയും ശാഖായോഗം ഭാരവാഹികളുടെയും നേതൃത്വത്തിൽ ക്ഷേത്ര സന്നിധിയിൽ എത്തിക്കുന്ന ദിവ്യജ്യോതി തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് വിശേഷാൽ പൂജകൾ നടത്തും. എസ്. എൻ. ഡി. പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് പങ്കെടുക്കും. 26 മുതൽ ജനുവരി 9വരെയാണ് ദിവ്യജ്യോതി പ്രയാണം നടത്തുന്നത്. പരിപാടികൾക്ക് ശാഖാ യോഗം പ്രസിഡന്റ് കലേഷ് രാജു, വൈസ് പ്രസിഡന്റ് ബൈജു ശിവൻ, സെക്രട്ടറി എം. എൻ ഷണ്മുഖദാസ്, യൂണിയൻ കമ്മിറ്റി അംഗം പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുടുംബയോഗ ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, ബാലജനയോഗം ഭാരവാഹികൾ നേതൃത്വം നൽകും