ആശങ്കപ്പെടുത്തുന്നു പോക്സോ കേസ് കണക്ക്: കുട്ടികൾക്കെതിരായ അതിക്രമകേസുകളിൽ വർദ്ധനവ്

Wednesday 24 December 2025 9:51 PM IST

ആറുവർഷത്തിനിടെ കണ്ണൂരിൽ മാത്രം 1,174 പോക്‌സോ കേസുകൾ

കണ്ണൂർ: നിയമസംവിധാനങ്ങൾ ശക്തമാകുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനിടയിലും സംസ്ഥാനത്ത് ശിശുസുരക്ഷയിൽ ആശങ്ക ഉയരുന്നു.കേരള പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച് 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം സംസ്ഥാനത്ത് കുട്ടികൾക്കെതിരെ 4,729 അതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 4,011 എണ്ണം പോക്‌സോ നിയമപ്രകാരമുള്ള കേസുകളാണ്.

നിയമം കർശനമായ സാഹചര്യത്തിലും കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുവെന്നാണ് ഈ കണക്കുകളിലെ ഏറ്റവും ആശങ്കാജനകമായ വശം.കഴിഞ്ഞ ആറുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം 1,174 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. കാസർകോട് ജില്ലയിൽ 1,062 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർ‌ഷം ഒക്ടോബർ വരെ കണ്ണൂർ റൂറൽ പരിധിയിൽ 76 കേസുകളും സിറ്റി പരിധിയിൽ 87 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പോക്‌സോ കേസുകൾ

കണ്ണൂർ

2025 (ഒക്ടോബർ വരെ): 163 2024: 208 2023: 239 2022: 225 2021: 183 2020: 156

കാസർകോട്

2025 (ഒക്ടോബർ വരെ): 198 2024: 155 2023: 197 2022: 241 2021: 126 2020: 145

വീടുകളിൽ,​വിദ്യാലയങ്ങളിൽ.. ഏറ്റവും സുരക്ഷിതരാണെന്ന് കരുതേണ്ട സ്ഥലങ്ങളിലാണ് വീടുകളിലും വിദ്യാലയങ്ങളിലുമടക്കം കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതായാണ് പല കേസുകളിലെയും അനുഭവം . പല കുട്ടികളും പുറത്തുപറയാൻ മടിക്കുന്നതാണ് വലിയ പ്രശ്നം. സ്‌കൂളുകളിൽ നൽകുന്ന കൗൺസിലിംഗ് ക്ലാസുകളിലാണ് പല കുട്ടികളും തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെടുന്നത്. പ്രതികളിൽ ഭൂരിപക്ഷവും അധ്യാപകരും കുട്ടികളുടെ ബന്ധുക്കളും ആണെന്നതാണ് ഇതിലെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വിവരം. വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവർ തന്നെ കുട്ടികളോട് അനീതി കാട്ടിയതാണ് പല കേസുകളും. കഞ്ചാവും മയക്കുമരുന്നും നൽകി കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്നുണ്ട്.ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളാകുന്നുണ്ടെന്നും കേസുകളിൽ നിന്ന് വ്യക്തമാകുന്നു.

അവർ ആവർത്തിക്കുന്നു

പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതികൾ വീണ്ടും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ ഏറെയുണ്ടെന്നത് പുനരധിവാസ സംവിധാനത്തിന്റെയും സമൂഹ നിരീക്ഷണത്തിന്റെയും പരാജയം വെളിപ്പെടുത്തുകയാണ്. അതെസമയം വ്യക്തിവിരോധത്തിന്റെയും രാഷ്ട്രീയ പ്രതികാരത്തിന്റെയും ഭാഗമായി തെറ്റായ പോക്‌സോ പരാതികൾ എത്തുന്നതായുള്ള ആരോപണങ്ങൾ നടപടിക്രമങ്ങളിൽ സൂക്ഷ്മത പുലർത്താൻ പൊലീസിനോടും ആവശ്യപ്പെടുന്നുണ്ട്.