ഡിജിറ്റൽ എക്സ്റേ യൂണിറ്റും മെഡി ടാക്സി സർവീസും ആരംഭിച്ചു
തൊടുപുഴ: ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ ലാബിനോടനുബന്ധിച്ച് ഡിജിറ്റൽ എക്സ്റേ യൂണിറ്റും മെഡി ടാക്സി സർവീസും ആരംഭിച്ചു. പി.ജെ ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ജോർജ് കൊച്ചുപറമ്പിൽ , സഹകരണ സംഘം അസി. രജിസ്ട്രാർ വി.എൻ ഗീത, സെക്രട്ടറി സാജു വി ചെമ്പരത്തി, ഭരണസമിതി അംഗങ്ങളായ മാത്യു ജോൺ, ഡെന്നി ജോസഫ്, മിനി ആന്റണി, ബോണി തോമസ്, മുൻ പ്രസിഡന്റ് ബെന്നി ജേക്കബ്, സംഘം ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. ആരോഗ്യസേവന രംഗത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന് മെഡി ടാക്സി സംവിധാനം ഒരുക്കുന്നതിലേക്കായി സംഘം പ്രസിഡന്റും യുണൈറ്റഡ് ഗ്രാനൈറ്റ്സ് ആൻഡ് മെറ്റൽസ് ഉടമയുമായ ജോർജ് കൊച്ചുപറമ്പിലാണ് സി.എസ്.ആർ ഫണ്ടിൽ നിന്നും മാരുതി ഇക്കോ വാഹനം നൽകിയത്. സ്ഥിരമായി ഡോക്ടറുടെ കൂടിയാലോചന ആവശ്യമുള്ള വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ, ശസ്ത്രക്രിയാനന്തര പരിശോധനകൾക്കായി ഡോക്ടറെ സമീപിക്കേണ്ടവർ, ഭിന്നശേഷിക്കാർ, പ്രായമായവരും കൂടെ കൂട്ടാൻ ആരുമില്ലാത്തവരും തുടങ്ങി, അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ- പ്രൊഫഷണലായി പരിശീലനം ലഭിച്ച നഴ്സിനോടൊപ്പം രോഗിയെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോയി സുരക്ഷിതമായി തിരികെ എത്തിക്കുകയാണ് മെഡി ടാക്സി സംവിധാനം ലക്ഷ്യമിടുന്നത്. പരിശോധനകൾക്കായി രോഗികളെ മെഡിക്കൽ ലബോറട്ടറി, ഫിസിയോ തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ കൊണ്ടുപോകുക തുടങ്ങിയ സേവനങ്ങളുമുണ്ട്. മണക്കാട് പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിൽ സേവനം ലഭ്യമാക്കുന്നതായിരിക്കും.