ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭാ അദ്ധ്യക്ഷനാകും
ലീലാമ്മ ബേബി ഉപാദ്ധ്യക്ഷ
കട്ടപ്പന: യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭാ അദ്ധ്യക്ഷനാകും. ഇന്നലെ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. ചെയർമാൻ സ്ഥാനം എ, ഐ ഗ്രൂപ്പുകൾക്കായി വീതം വെയ്ക്കാനാണ് ധാരണ. ആദ്യ മൂന്ന് വർഷമാണ് എ ഗ്രൂപ്പിൽ നിന്നുള്ള ജോയി വെട്ടിക്കുഴി ചെയർമാനാകുക. രണ്ടാം ടേമിൽ ഐ ഗ്രൂപ്പിൽ നിന്നും തോമസ് മൈക്കിൾ, അഡ്വ. കെ.ജെ. ബെന്നി എന്നിവരിൽ ഒരാൾ ചെയർമാനാകും. ആദ്യ മൂന്ന് വർഷം ഉപാദ്ധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിനാണ്. ലീലാമ്മ ബേബിയാകും ഉപാധ്യക്ഷ. രണ്ടാം ടേമിൽ എ ഗ്രൂപ്പിൽ നിന്നുള്ള അംഗം ഉപാദ്ധ്യക്ഷയാകും. യു.ഡി.എഫിന് 20 സീറ്റുകളാണ് നഗരസഭയിൽ ലഭിച്ചത്. എ, ഐ ഗ്രൂപ്പുകൾക്ക് ഒൻപതു വീതവും ഒരു കെ.സി. വേണുഗോപാൽ അനുകൂലിയും ഒരു കേരള കോൺഗ്രസ് അംഗവുമാണ് ഉള്ളത്. എൽ.ഡി.എഫിന് 13 സീറ്റും ബി.ജെ.പിയ്ക്ക് രണ്ടു സീറ്റുമാണ് നഗരസഭയിൽ.