തൊടുപുഴ നഗരസഭാദ്ധ്യക്ഷ: ആദ്യം ടേം ലീഗിന്  തീരുമാനം കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ

Thursday 25 December 2025 11:53 PM IST

തൊടുപുഴ: നഗരസഭാ അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ ആദ്യ ടേം മുസ്ലീംലീഗിന് നൽകി താത്കാലികമായി പ്രശ്നം പരിഹരിക്കാൻ ധാരണ. ആദ്യ രണ്ട് വർഷം ലീഗിന് നൽകാനാണ് നീക്കം. അതേസമയം വൈസ് ചെയർമാൻ ആദ്യ ടേം കോൺഗ്രസിലെ കെ. ദീപക്കാകും. കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷാ സോമന് പകരം മുൻ നഗരസഭാ അദ്ധ്യക്ഷൻ ടി.ജെ. ജോസഫിന്റെ മകളും 28-ാം വാർഡ് കൗൺസിലറുമായ ലിറ്റി ജോസഫിനെ അദ്ധ്യക്ഷയാക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഭൂരിഭാഗം കൗൺസിലർമാരും അഭിപ്രായപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. കോൺഗ്രസിന്റെ 10 കൗൺസിലർമാരിൽ യോഗത്തിൽ പങ്കെടുത്ത ഒമ്പതിൽ എട്ട് പേരും ലിറ്റി ജോസഫ് അദ്ധ്യക്ഷയാകണമെന്നാണ് ആവശ്യപ്പെട്ടത്. നിഷയെ ആരും പിന്തുണച്ചില്ല. യോഗത്തിൽ പങ്കെടുക്കാത്ത ടി.കെ. സുധാകരൻ നായരടക്കമുള്ള ഒമ്പത് കൗൺസിലർമാരും ലിറ്റിയെ പിന്തുണച്ചു കൊണ്ട് ഒപ്പിട്ട കത്ത് കെ.പി.സി.സിക്കും ഡി.സി.സിക്കും നൽകി. ഇതോടെ കോൺഗ്രസിൽ ഒരു വിഭാഗം നിഷ സോമനെ പിന്തുണച്ചുകൊണ്ട് സാമൂഹ്യമാദ്ധ്യമത്തിലടക്കം രംഗത്തെത്തി. ഇതിന് പിന്നാലെ നഗരത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് പ്രശ്നപരിഹാരമെന്ന നിലയിൽ ആദ്യ ടേം മുസ്ലീം ലീഗിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്. മുസ്ലിം ലീഗിന് ചെയർപേഴ്സൺ പദവി കിട്ടിയാൽ മുൻ ചെയർപേഴ്സൺ സഫിയ ജബ്ബാറും സുബൈദ സെയ്ദ് മുഹമ്മദുമാണ് പരിഗണനയിൽ. മുൻ ചെയർപേഴ്സണായ സി.പി.എമ്മിലെ സബീന ബിഞ്ചുവിനെ അട്ടിമറിച്ച് അഞ്ച് വോട്ടിന് പരാജയപ്പെടുത്തിയ സാബിറ ജലീലിനെ പരിഗണിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. മുസ്ലിം ലീഗിന് ലഭിക്കുന്ന വൈസ് ചെയർമാൻ പദവി മുൻ ചെയർമാൻ എ.എം. ഹാരിദ് ഉറപ്പിച്ചെന്നും സൂചനയുണ്ട്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒരു വർഷം കേരള കോൺഗ്രസും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നഗരസഭയിൽ യു.ഡി.എഫിന് കിട്ടിയ 21 സീറ്റുകളിൽ കോൺഗ്രസിന് പത്തും മുസ്ലിം ലീഗിന് എട്ടും കേരളാ കോൺഗ്രസിന് സ്വത്രന്ത്രൻ ഉൾപ്പെടെ മൂന്നും സീറ്റുമാണുള്ളത്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് 2.30നും നടക്കും.

'മോൻസ് ജോസഫ്, ജോസഫ് വാഴക്കൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുണ്ടായേക്കും."

-ജോയി വെട്ടിക്കുഴി (യു.ഡി.എഫ് ചെയർമാൻ)

'കഴിഞ്ഞ തവണ അവസാന എട്ട് മാസം യു.ഡി.എഫിന് നഗരസഭയിൽ ഭരണം കിട്ടിയപ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ ആദ്യ ടേം ലീഗിന് നൽകണമെന്ന് ധാരണയുണ്ടായിരുന്നു."

-കെ.എം.എ ഷുക്കൂർ (മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്)

കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

ഇന്നലെ രാവിലെ മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സാധാരണ പ്രവർത്തകർ എന്ന പേരിൽ ഒട്ടിച്ചിരിക്കുന്ന വരച്ച ചിത്രങ്ങളടങ്ങിയ പോസ്റ്ററിൽ 'റബ്ബർ സ്റ്റാമ്പ് ചെയർപേഴ്സൺ തൊടുപുഴയ്ക്ക് വേണ്ടേ വേണ്ട', 'ബ്ലോക്ക് പ്രസിഡന്റിനെ മാറ്റൂ കോൺഗ്രസിനെ രക്ഷിക്കൂ' തുടങ്ങിയ വാചകങ്ങളാണുള്ളത്. 'ഡി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടിയെ വിൽക്കാൻ അറിയാമെങ്കിൽ ഇത്തവണയും ഞാൻ ഷെഡിൽ കയറ്റും', 'ചെയർപേഴ്സണാകാൻ വരാമോ' തുടങ്ങിയ വാചകങ്ങളും ചില പോസ്റ്ററുകളിലുണ്ട്.