ബംഗ്ലാദേശ് തലസ്ഥാനത്ത് സ്‌ഫോടനത്തില്‍ ഒരു മരണം; രാജ്യത്ത് കലാപം അതിരൂക്ഷം

Wednesday 24 December 2025 10:18 PM IST

ധാക്ക: ബംഗ്ലാദേശിലെ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാന നഗരമായ ധാക്കയില്‍ സ്‌ഫോടനം. മോഗ്ബസാറിലെ മേല്‍പ്പാലത്തില്‍ നിന്ന് കലാപകാരികള്‍ സ്‌ഫോടനവസ്തുക്കള്‍ താഴേക്കെറിഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. കലാപകാരികള്‍ സ്‌ഫോടകവസ്തുക്കള്‍ താഴേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ധാക്ക നഗരത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്.

പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇയാള്‍ പിന്നീട് മരിക്കുകയുമായിരുന്നു. ധാക്കയിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സിയാം എന്നയാളാണ് സ്‌ഫോടനത്തില്‍ മരിച്ചത്. മോഗ്ബസാറില്‍ അക്രമം നടത്തിയവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ധാക്ക പൊലീസ് വ്യക്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം അറിവായിട്ടില്ലെന്ന് ധാക്ക മെട്രോപൊളിറ്റന് പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ മസൂദ് ആലം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അതേസമയം, ബംഗ്ലാദേശില്‍ ഇന്ത്യാവിരുദ്ധ വികാരം ശക്തമാണ്. രാജ്യത്തെ തൊഴില്‍സംവരണത്തിനെതിരെ തുടങ്ങിയ പ്രക്ഷോഭം ഇപ്പോള്‍ അതിരൂക്ഷമായ കലാപമായി മാറിയിട്ടുണ്ട്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ശക്തമായ ഇന്ത്യ വിരുദ്ധ വികാരത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദസംഘടനകളുടെ ഇടപെടല്‍ സംശയിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയിരുന്നു. ഇത് ഇന്ത്യക്കെതിരെയുള്ള വികാരം ആളിക്കത്തുന്നതിന് ഒരു കാരണമായെന്നാണ് വിലയിരുത്തല്‍.