'ഹൈഡ് ഔട്ട് " തുടർന്ന് ആറളത്തെ ആനകൾ ; കാട് തെളിച്ചാൽ മാത്രം ഇനി ദൗത്യം
ആറളം: ആറളം ഫാമിലെ വളർന്നുനിൽക്കുന്ന അടിക്കാടുകൾ ഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിന് തിരിച്ചടിയാകുന്നു. ഇവ വെട്ടിത്തെളിച്ച ശേഷം മാത്രമെ കാട്ടാനയെ തുരത്തൽ ദൗത്യം പുനരാരംഭിക്കാനാകുകയുള്ളുവെന്നാണ് വനംവകുപ്പ് അധികൃതർ ഫാം മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. മോശമായ സാഹചര്യത്തെ തുടർന്ന് ഇന്നലെ രാവിലെ എട്ടരക്ക് ആരംഭിച്ച ദൗത്യം കാടിന്റെ മറപറ്റിയുള്ള കാട്ടാനകളുടെ നീക്കങ്ങൾ കാരണം ലക്ഷ്യത്തിലെത്താതെ അവസാനിപ്പിക്കേണ്ടി വന്നു.
ഫാം സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ 25 അംഗങ്ങൾ അടങ്ങിയ സന്നദ്ധമായ ദൗത്യസംഘമാണ് ഇന്നലെ ഓപ്പറേഷനിൽ പങ്കെടുത്തത്. ബ്ലോക്ക് ഒന്നിലെ ഗോഡൗൺ പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കൊമ്പനാനയെ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെത്തെ നീക്കം. മണിക്കൂറുകൾ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിൽ കൊമ്പനെ നിരന്നപാറ ഭാഗത്തേക്ക് എത്തിക്കാൻ ദൗത്യസംഘത്തിന് സാധിച്ചു.എന്നാൽ ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്തെത്തിയപ്പോൾ ആന പെട്ടെന്ന് വഴിമാറി ഓടി. കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ ആന തന്ത്രപരമായി ഒളിക്കുന്നത് ദൗത്യം പൂർത്തിയാക്കുന്നതിന് തടസ്സമായി.
അതീവ ദുർഘടമേഖല
ഫാം മേഖലയിലെ ദുർഘടമായ കാടുകളാണ് ആനകളെ വനത്തിലേക്ക് തുരത്തുന്നതിന് പ്രധാന തടസ്സമാകുന്നത്. വനംവകുപ്പിന്റെ ആവശ്യപ്രകാരം ആറളം ഫാർമിംഗ് കോർപ്പറേഷൻ നിരന്നപാറ ഭാഗത്തെ കാടുകൾ വെട്ടിത്തെളിച്ചിരുന്നുവെങ്കിലും ആനകൾ ഒളിച്ചിരിക്കുന്ന മറ്റ് ഹൈഡ് ഔട്ടുകൾ ദൗത്യത്തെ ബാധിക്കുന്നു. കാട് വെട്ടാതെ കിടക്കുന്ന ബാക്കി ഭാഗങ്ങൾ കൂടി അടിയന്തരമായി വൃത്തിയാക്കാൻ ഫാർമിംഗ് കോർപ്പറേഷൻ ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സ്ഥലത്തെ ഭൂപ്രകൃതി പൂർണ്ണമായും അനുകൂലമാക്കിയ ശേഷം മാത്രമേ ഇനി ഡ്രൈവിംഗ് പുനരാരംഭിക്കാനാകുവെന്ന് ദൗത്യസംഘം അറിയിച്ചു .ആനമതിൽ പൂർത്തിയാകുന്നതിന് മുൻപ് ഈ പ്രതിബന്ധങ്ങളെല്ലാം മറികടന്ന് ആനകളെ തുരത്താനുള്ള തീരുമാനത്തിലാണ് ദൗത്യസംഘം.