അമിതവേഗതയിൽ വാഹനങ്ങൾ; അപകടം പതിവാകുന്നു

Thursday 25 December 2025 1:26 AM IST

പാലോട്: ഗ്രാമീണ റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗതയെ തുടർന്ന് അപകടം പതിവാകുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേരാണ് മരിച്ചത്. നന്ദിയോട് പ്ലാവറയിലുണ്ടായ അപകടത്തിൽ പ്രമോദ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.

പ്ലാവറക്കും കുശവൂർ ജംഗ്ഷനും മദ്ധ്യേ മൂന്ന് മാസത്തിനുള്ളിൽ നാലുപേരാണ് അപകടത്തിൽ മരിച്ചത്. വാഹനങ്ങളുടെ അമിതവേഗം പതിവായിട്ടും അധികൃതർ പരിശോധന നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്. കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ട പാതയിലെ ചുള്ളിമാനൂരിനും മടത്തറക്കും ഇടയിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിന് ഇരുവശത്തെ കാടുകളും പ്രശ്‌നമാണ്. വഞ്ചുവം,മഞ്ഞക്കോട്ടുമൂല,ഇളവട്ടം,താന്നിമൂട്,പ്ലാവറ,ഫോറസ്റ്റ് ഓഫീസിന് സമീപം,എക്‌സ് കോളനി എന്നിവിടങ്ങളിലും അപകടം പതിവാണ്.

അന്തർ സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവർമാരും ടിപ്പർ,മീൻ ലോറികളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പോകുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള ചില വാഹനങ്ങളുടെ മത്സരയോട്ടവും പ്രശ്‌നമാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറിയ വാഹനങ്ങൾ ചാലിൽ തെന്നിവീഴും. തലനാരിഴ വ്യത്യാസത്തിലാണ് പലരും രക്ഷപ്പെടുന്നത്. ഇത്തരം ഭാഗങ്ങളിൽ ടാർ ചെയ്‌ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.