വിമാന സർവീസിന് കേരള കമ്പനിയും, കോഴിക്കോട്ടെ അൽഹിന്ദിനടക്കം അനുമതി
ന്യൂഡൽഹി: ഡിസംബർ ആദ്യമുണ്ടായ ഇൻഡിഗോ പ്രതിസന്ധി യാത്രക്കാരെ വലച്ച സാഹചര്യത്തിൽ കൂടുതൽ ഓപ്പറേറ്റർമാർക്ക് വിമാനമേഖലയിൽ വഴിതുറന്ന് കേരളത്തിൽ നിന്നുള്ളതടക്കം മൂന്ന് കമ്പനികൾക്ക് എൻ.ഒ.സി നൽകി കേന്ദ്ര സർക്കാർ. കേരളത്തിൽ നിന്നുള്ള അൽ ഹിന്ദ് എയർ, ഹൈദരാബാദ് ആസ്ഥാനമായുള്ള ഫ്ലൈ എക്സ്‌പ്രസ്, ലഖ്‌നൗവിൽ നിന്നുള്ള ശംഖ് എയർ എന്നിവയ്ക്കാണ് വ്യോമയാന മന്ത്രാലയം പ്രാഥമികാനുമതി നൽകിയത്.
മറ്റ് അനുമതികൾ നേടി അടുത്തകൊല്ലം പ്രവർത്തനം തുടങ്ങിയേക്കും. അൽഹിന്ദിനും ഫ്ളൈ എക്‌സ്‌പ്രസിനും കഴിഞ്ഞയാഴ്‌ചയാണ് അനുമതി ലഭിച്ചത്. ശംഖ് എയറിന് നേരത്തെ ലഭിച്ചിരുന്നു. വിമാനങ്ങൾ വാങ്ങാനും സർവീസ് നടത്താനുമുള്ള സാമ്പത്തിക ശേഷി തെളിയിക്കുന്ന ഡി.ജി.സി.എയുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) അടക്കം നേടി ഇവയ്ക്ക് സർവീസുകൾ തുടങ്ങാം. യഥാർത്ഥ ലൈസൻസ് എ.ഒ.സിയാണ്. സാമ്പത്തിക ബാദ്ധ്യത കാരണം പല വിമാനക്കമ്പനികളും പൂട്ടിയ സാഹചര്യത്തിൽ എ.ഒ.സി പ്രധാനമാണ്.
ഇൻഡിഗോ, എയർഇന്ത്യ,എയർഇന്ത്യ എക്സ്പ്രസ്,അലയൻസ് എയർ,ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ, ഫ്ലൈ91, ഇന്ത്യവൺ എയർ എന്നിവയാണ് രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്നവ.
സുരക്ഷാ അനുമതി നേടണം
1.യോഗ്യതയുള്ള പൈലറ്റുമാർ, എൻജിനിയർമാർ, ഓപ്പറേഷൻസ്/ഗ്രൗണ്ട് സ്റ്റാഫ് എന്നിവരെ നിയമിക്കണം, പരിശീലനം നൽകണം. കമ്പനി ഡയറക്ടർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും സുരക്ഷാ അനുമതി നേടണം 2.പ്രവർത്തന കേന്ദ്രങ്ങൾ, അറ്റകുറ്റപ്പണി സൗകര്യങ്ങൾ, ബുക്കിംഗ് സംവിധാനങ്ങൾ എന്നിവ സജ്ജമാക്കണം. ഡി.ജി.സി.എ, വ്യോമസേന എന്നിവയിൽ നിന്ന് ഫ്ലൈറ്റ് ഷെഡ്യൂളുകൾക്കുള്ള അനുമതിയും വാങ്ങണം
അൽഹിന്ദ്
യാത്രാ, അനുബന്ധ സേവനങ്ങൾ നൽകുന്ന കോഴിക്കോട് ആസ്ഥാനമായുള്ള അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ളത്. യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, ബംഗ്ലാദേശ്, കുവൈറ്റ് രാജ്യങ്ങളിലും സാന്നിദ്ധ്യം
ആഭ്യന്തര സർവീസിന്റെ കുത്തക ഇൻഡിഗോയ്ക്ക്..................63%
എയർഇന്ത്യ, എയർഇന്ത്യ എക്‌സ്‌പ്രസ്................................. 19.4%
ആകാശ എയർ............................................................................5.4%
സ്പൈസ് ജെറ്റ്........................................................................... 2.4%