മുട്ടവില ഉയർത്തി തമിഴ്നാട് ലോബി

Wednesday 24 December 2025 10:47 PM IST

ആലപ്പുഴ: ക്രിസ്‌മസ് - പുതുവത്സര വിപണിയിൽ ആവശ്യം കൂടിയതോടെ മുട്ടയ്ക്ക് വില വർദ്ധിച്ചു. കോഴിമുട്ടയുടെ വില 9 രൂപയായും താറാവിന്റെ മുട്ടയുടെ വില 11 രൂപയായുമാണ് ഉയർന്നത്.കഴിഞ്ഞ മാസത്തേക്കാൾ ഒരു രൂപവീതമാണ് വർദ്ധിച്ചത്.

ക്രിസ്മസ് കേക്ക് നിർമ്മാണത്തിനുൾപ്പെടെ മുട്ടയുടെ ആവശ്യംകൂടിയതാണ് വിലക്കയറ്റത്തിന് കാരണം. ക്രിസ്മസ് ,ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹോട്ടലുകളിലും മുട്ടയ്ക്ക് ചെലവേറി. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വില കൂടിയതോടെ നാട്ടിൻപുറങ്ങളിൽ നാടൻമുട്ടയുടെ വിലയും വർദ്ധിച്ചു. ക്രിസ്മസ് - ന്യൂ ഇയർ വിപണി ഉണർന്നതോടെ ഏഴു രൂപയായിരുന്ന നാടൻ കോഴിമുട്ടയുടെ വില എട്ടു മുതൽ 10 രൂപ വരെയായി. വില കൂടിയാലും കോഴിമുട്ടക്ക് വൻ ഡിമാൻഡാണ്.

ശബരിമല സീസണായതിനാൽ തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം പകുതി മുതൽ മുട്ടയ്ക്ക് വലിയ ഡിമാൻഡ് ഉണ്ടായിരുന്നില്ല.

ആവശ്യക്കാരേറി, ഉത്പാദനത്തിൽ കുറവ്

 രാജ്യത്തെ വലിയ മുട്ട കയറ്റുമതി കേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കലിലെ ഫാമുകളിൽ ഒരു കോഴിമുട്ടയ്ക്ക് വില 7 രൂപയായി

 ആഭ്യന്തര വിപണിയിൽ ആവശ്യക്കാരേറിയതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് ഇങ്ങനെ വില ഉയരാന്‍ കാരണം.

 കോർഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബർ 1ന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു.  കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നാമക്കലിൽ മുട്ടയുടെവില ഇത്രയധികം കൂടുന്നത് ഇത്തവണയാണ്

 തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില.

കോഴിമുട്ട വില (ഒന്നിന്)

₹9

ആവശ്യക്കാർ കൂടിയതാണ് വില വർദ്ധനവിന് കാരണം. ന്യൂഇയർ കഴിയുമ്പോഴേക്കും വില കുറഞ്ഞേക്കാം

- മുഹമ്മദ്, മുട്ട മൊത്തവ്യാപാരി