മേയർ സ്ഥാനത്തേക്ക് നിരവധി പേരുകൾ : തൃശൂരിലും കൊച്ചി എഫക്ടോ ?​

Thursday 25 December 2025 12:50 AM IST

തൃശൂർ : കൊച്ചി മേയർ പദവി നിശ്ചയിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കോർപ്പറേഷനിലെ മേയർ പദവിയെ ചൊല്ലിയും അനിശ്ചിതത്വം. മുൻ ഡെപ്യൂട്ടി മേയർ അഡ്വ.സുബി ബാബു, ലാലി ജയിംസ് എന്നിവരുടെ പേരിന് പിന്നാലെ ഡോ.നിജി ജസ്റ്റിന്റെ പേരും ഉയർന്നതോടെ അനിശ്ചിതത്വത്തിന്റെ ആക്കം കൂടി. സീനിയറായ അഡ്വ.സുബി ബാബുവിനെയും ലാലി ജയിംസിനെയും മറി കടന്ന് നിജിയെ മേയറാക്കിയാൽ പല നേതാക്കളും പരസ്യമായി രംഗത്തുവന്നേക്കും. ഡി.സി.സി പ്രസിഡന്റ് ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ മേയർ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് വേണമെന്ന വാദം ഒരു വിഭാഗം ഉയർത്തുന്നു. അതേസമയം വരാൻ പോകുന്ന നിയമസഭ കൂടി കണക്കിലെടുത്ത് ക്രിസ്ത്യൻ വിഭാഗത്തെ പരിഗണിക്കണമെന്ന വാദവും ഉയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗം ബി.ജെ.പിയെ പിന്തുണച്ചത് ചൂണ്ടിക്കാട്ടിയാണ് ഈ വാദം.

ഇത് കണക്കിലെടുത്താൽ ലാലി ജയിംസോ, ഡോ.നിജി ജസ്റ്റിനോ മേയറായേക്കാം. എന്നാൽ മറുവാദത്തിനാണ് മുൻതൂക്കമെങ്കിൽ സുബി ബാബുവിനാകും നറുക്ക്. അങ്ങനെയെങ്കിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ക്രിസ്ത്യൻ വിഭാഗത്തിനാകും. ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് പൊതുസമ്മതനായി കെ.പി.സി.സി സെക്രട്ടറി എ.പ്രസാദിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ബൈജു വർഗീസ് ഉൾപ്പെടെ ഇതിനായി ചരടുവലി ശക്തമാക്കിയിട്ടുണ്ട്. ഓരോരുത്തരും കൗൺസിലർമാരെ ഒപ്പം നിറുത്താനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. കൗൺസിലിൽ തങ്ങൾക്കുള്ള പരിചയസമ്പത്ത് ഉയർത്തിക്കാട്ടിയാണ് ലാലിയും സുബി ബാബുവും പിടിമുറുക്കുന്നതെങ്കിൽ ഡോക്ടറെന്ന പരിവേഷവും മഹിള കോൺഗ്രസ് മുൻ സംസ്ഥാന നേതാവെന്നതും ഉയർത്തിക്കാട്ടിയാണ് നിജി വാദം മുറുക്കുന്നത്.

ഇരിങ്ങാലക്കുടയിൽ ജാക്‌സൺ തന്നെ

ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായി എം.പി ജാക്‌സണെ യു.ഡി.എഫ് പാർലമെന്ററി യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. വൈസ് ചെയർപേഴ്‌സൺ പദവി ആദ്യത്തെ രണ്ടര വർഷം ചിന്ത ധർമ്മരാജനും, തുടർന്ന് സുജ സഞ്ജീവ് കുമാറിനും നൽകും. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ.ശോഭനൻ എന്നിവർ യു.ഡി.എഫ് കൗൺസിലർമാരുമായി ബന്ധപ്പെട്ട് എല്ലാവരിൽ നിന്നും അഭിപ്രായം തേടുകയായിരുന്നു. ജാക്‌സൺ 1988-90, 2005-10 കാലഘട്ടങ്ങളിലും ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. ചിന്ത ധർമ്മരാജൻ 2000 2005 കാലഘട്ടത്തിൽ രണ്ട് ടേമിലായി പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. 15 വർഷത്തോളം എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം സെക്രട്ടറിയായിരുന്നു.

ചാലക്കുടിയിൽ തീരുമാനം വെെകുന്നു

ചാലക്കുടി നഗരസഭയുടെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കോൺഗ്രസിലെ സമവായ നീക്കങ്ങൾ ഇതുവരേയും ഫലം കണ്ടിട്ടില്ല. തർക്കം രൂക്ഷമായതിനെ തുടർന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഇന്നലെ കൗൺസിലർമാരുടെ പാർലമെന്ററി യോഗം വിളിച്ചുകൂട്ടി അഭിപ്രായങ്ങൾ തേടി. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ആലീസ് ഷിബു, റീന ഡേവിസ്, സൂസി സുനിൽ എന്നിവരുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടു. വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് അഞ്ച് പേരുകളാണ് നിർദ്ദേശിക്കപ്പെട്ടത്. കെ.വി.പോൾ, അഡ്വ. ബിജു ചിറയത്ത്, വത്സൻ ചമ്പക്കര എന്നിവരുടെ പേരുകൾ മറ്റുള്ളവർ നിർദ്ദേശിച്ചപ്പോൾ ഒ.എസ്.ചന്ദ്രൻ, ജിയോ കിഴക്കുംതല എന്നിവർ സ്വയം ആവശ്യം ഉന്നയിച്ചു. എം.എൽ.എ അഭിപ്രായങ്ങൾ ജില്ലാ നേതൃത്വത്തിനും കൈമാറി.