സെല്ലിൽ കയറാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, റിമാൻഡ് പ്രതി രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ കൈ ഒടിച്ചു

Thursday 25 December 2025 4:55 AM IST

കൊച്ചി: സെല്ലിൽ കയറാൻ പറഞ്ഞതിന്റെ ദേഷ്യത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കൈകൾ തല്ലിയും പിടിച്ചുതിരിച്ചും ഒടിച്ച് റിമാൻഡ് പ്രതി. മട്ടാഞ്ചേരി സബ് ജയിലിലെ ഉദ്യോഗസ്ഥരായ ആലപ്പുഴ മാരാരിക്കുളം കണിച്ചുകുളങ്ങര തെക്കേമുറി വീട്ടിൽ റിജുമോൻ (31), എറണാകുളം ഐരാപുരം റബർപാർക്ക് കൊച്ചുവീട്ടിൽ ബിനു നാരായണൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും വലതുകൈയാണ് ഒടിഞ്ഞത്. റിമാൻഡ് പ്രതി മട്ടാഞ്ചേരി പനയപ്പള്ളി ഇനിക്കൽ വീട്ടിൽ തൻസീർ അഹമ്മദി(25) നെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. റിജുമോന്റെ പരാതിയിലാണ് നടപടി. തൻസീറിനെ ഇന്നലെ വിയ്യൂർ ജയിലിലെ അതീവസുരക്ഷാ സെല്ലിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ജയിൽപുള്ളികൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും രാവിലെ നിശ്ചിതസമയമുണ്ട്. സമയപരിധി കഴിഞ്ഞിട്ടും തൻസീർ പുറത്തു തുടർന്നതോടെ റിജുമോനും ബിനുവും ചേർന്ന് സെല്ലിലേക്ക് പോകാൻ നിർദ്ദേശം നൽകി. ഇത് തൻസീറിനെ ചൊടിപ്പിച്ചു. വാക്കുതർക്കവും ഉന്തുംതള്ളുമായി. കുടിവെള്ളം ശേഖരിച്ചുവച്ചിരുന്ന വലിയ പാത്രത്തിന്റെ ഇരുമ്പ് മൂടിയെടുത്ത് തൻസീർ ഉദ്യോഗസ്ഥരെ ആക്രമിച്ചു. റിജുമോന്റെ വലതുകൈയിൽ അടിക്കുകയും കീഴ്‌പ്പെടുത്താൻ ശ്രമിച്ച ബിനുവിന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. കൂടുതൽ ഉദ്യോഗസ്ഥരെത്തി പണിപ്പെട്ടാണ് തൻസീറിനെ കീഴ്‌പ്പെടുത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇരുവരെയും വകവരുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

ഹാർബർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ ആക്രമിച്ച കേസിലാണ് തൻസീർ റിമാൻഡിലായത്. നവംബർ 19നായിരുന്നു കേസ്. തോപ്പുംപടി ഹാർബറിൽ അക്രമാസക്തനായ തൻസീറിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരം സിറ്റി പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഹാർബർ സ്റ്റേഷനിലെത്തിയ സി.പി.ഒ. ഉല്ലാസ് ഉത്തമനെ കൈയേറ്റം ചെയ്യുകയും കൈപിടിച്ച് തിരിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഈ കേസിൽ പ്രതി രണ്ടുവട്ടം കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ജയിൽ മാറ്റം ലക്ഷ്യമിട്ട് മനഃപൂർവ്വം അക്രമം അഴിച്ചുവിട്ടതാണെന്ന സംശയവും പൊലീസിനും ജയിൽവകുപ്പിനുമുണ്ട്.

റിമാൻഡ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് അനുമതി തേടി മട്ടാഞ്ചേരി പൊലീസ് കോടതിയിൽ വീണ്ടും അപേക്ഷ നൽകും. പ്രതിയെ വിയ്യൂരിലേക്ക് മാറ്റിയതിനാൽ ആദ്യം നൽകിയ അപേക്ഷയിലെ വിവരങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടിവന്നതാണ് കാരണം. കോടതിയുടെ അനുമതിക്ക് ശേഷമാകും അറസ്റ്റ് ചെയ്യുക.