കരമാർഗം ചരക്കുനീക്കം ;ഒടുവിൽ ഗ്രീൻ സിഗ്നൽ

Thursday 25 December 2025 1:14 AM IST

 വിഴിഞ്ഞം തുറമുഖ റോഡ് എൻ.എച്ചുമായി ബന്ധിപ്പിക്കാൻ അനുമതിയായി

വിഴിഞ്ഞം: എൻ.എച്ച് 66നെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതിയായി. ഇതിന്റെ ഭാഗമായി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനോട് 2.5 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാനും നിർദ്ദേശിച്ചു.

അനുമതി വൈകുന്നതു സംബന്ധിച്ച് 12ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. എൻ.എച്ച് 66നെ പൂർത്തിയാകാൻ പോകുന്ന അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ വിശദീകരിച്ചുകൊണ്ട് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) സ്ഥലം സന്ദർശിച്ച്

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ദേശീയപാത അപ്രോച്ച് റോഡുമായി ബന്ധിക്കുന്ന ഇന്റർഫേസ് പോയിന്റിൽ ഹൈവേ അതോറിട്ടി സുരക്ഷാ സംബന്ധമായ ജോലികൾ ഉടൻ ആരംഭിക്കും.

വിഴിഞ്ഞം തുറമുഖം വഴിയുള്ള ഗേറ്റ്‌വേ കാർഗോ നീക്കം 2026 ജനുവരിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി.എൻ.വാസവൻ നേരത്തെ പറഞ്ഞിരുന്നു. പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ ഭാരമേറിയ വാഹനങ്ങളുടെ സുഗമവും സുരക്ഷിതവുമായ നീക്കം ഉറപ്പാക്കാൻ ഇടക്കാല ക്രമീകരണം അത്യാവശ്യമാണെന്ന് നാറ്റ്പാക് അധികൃതർ പറഞ്ഞു.

അവസാന ഘട്ടത്തിൽ

അപ്രോച്ച് റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും സുരക്ഷാ അനുമതികൾക്ക് വിധേയമായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയപാതയിലേക്കുള്ള

കണക്ഷൻ പൂർത്തിയാകുമെന്നും നിർമ്മാണക്കമ്പനി അധികൃതർ വ്യക്തമാക്കി

അടുത്ത ഘട്ടം ക്ലോവർ ലീഫ്

സംസ്ഥാന സർക്കാരും തുറമുഖ അധികാരികളും ദീർഘകാലാടിസ്ഥാന സൗകര്യ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. വിഴിഞ്ഞം അപ്രോച്ച് റോഡും ദേശീയപാതയും തമ്മിലുള്ള ജംഗ്ഷനിൽ 360 കോടി രൂപയുടെ ക്ലോവർലീഫ് ഇന്റർചേഞ്ച് സജീവ പരിഗണനയിലാണ്. പദ്ധതി പ്രകാരം രണ്ട് ലൂപ്പുകൾ ഹൈവേ അതോറിട്ടിയും രണ്ട് ലൂപ്പുകൾ അദാനി തുറമുഖ കമ്പനിയും നിർമ്മിക്കും. ഇതിനായി 30ഏക്കറോളം ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും.

ഫോട്ടോ: അനുമതി വൈകുന്നത് സംബന്ധിച്ച് കഴിഞ്ഞ

12ന് കേരള കൗമുദി നൽകിയ വാർത്ത