എയർ പ്യൂരിഫയറിന്റെ ജി.എസ്.ടി കുറയ്ക്കണം: ഡൽഹി ഹൈക്കോടതി
കേന്ദ്രസർക്കാരിന് വിമർശനം , ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യം
ന്യൂഡൽഹി: ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യമെന്ന് വിലയിരുത്തിയ ഡൽഹി ഹൈക്കോടതി,എയർ പ്യൂരിഫയറിന്റെ 18% ജി.എസ്.ടിയിൽ ഇളവു നൽകണമെന്ന് കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. രാജ്യതലസ്ഥാനത്ത് ശുദ്ധവായു ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ലെങ്കിൽ ഈ നടപടിയെങ്കിലും സ്വീകരിക്കണം. 15 ദിവസം ഇളവു നൽകണം. അടിയന്തരമായി ജി.എസ്.ടി കൗൺസിൽ ചേർന്ന് തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ,ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ജി.എസ്.ടി കൗൺസിൽ എപ്പോൾ ചേരുമെന്ന് കേന്ദ്രം നാളെ അറിയിക്കണം. കേന്ദ്ര-ഡൽഹി സർക്കാരുകൾ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. എയർ പ്യൂരിഫയറിനെ മെഡിക്കൽ ഉപകരണമായി കണക്കാക്കണമെന്നും അതിന്റെ ജി.എസ്.ടി നിരക്ക് 18ൽ നിന്ന് 5 ശതമാനമായി വെട്ടിക്കുറയ്‌ക്കണമെന്നുമുള്ള പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കൂടുതൽ പങ്ക്
വാഹനങ്ങൾക്ക്
ഡൽഹിയിലെ വായു മലിനീകരണത്തിൽ പ്രധാനപങ്ക് ഗതാഗത മേഖലയ്‌ക്കാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 40 ശതമാനവും വാഹനങ്ങളിൽ നിന്ന് പുറത്തുവിടുന്ന പുകയാണ്. ബദൽ - ജൈവ ഇന്ധനങ്ങളിൽ സ്വയംപര്യാപ്‌തത കൈവരിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. അതേസമയം,കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ 15 വിമാനങ്ങൾ വൈകി.