കുൽദീപിന് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധം, കൊല്ലപ്പെട്ടേക്കാം: ഉന്നാവ് ഇര ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസ് പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ അതിജീവിതയും കുടുംബവും രംഗത്ത്. വധഭീഷണി നിലനിൽക്കുന്നതായും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഇരയും കുടുംബവും പ്രതികരിച്ചു.
2019 ജൂലായിൽ അതിജീവിത സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇപ്പോഴും തങ്ങൾ താമസിക്കുന്ന ഡൽഹിയിലെ വീടിനു സമീപം പ്രതിയുടെ കൂട്ടാളികളുടെ കൊലവിളി ഉയരാറുണ്ട്. ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയും കുടുംബവും പറഞ്ഞു.
കഴിഞ്ഞദിവസം പ്രതിക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്കകം അർദ്ധരാത്രിയിൽ അതിജീവിതയും മാതാവും ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധിച്ചിരുന്നു. അവരെ വലിച്ചിഴച്ച് അവിടെ നിന്നും നീക്കിയ ഡൽഹി പൊലീസിന്റെ നടപടി വിമർശനങ്ങൾക്ക് വഴിവച്ചു. കൂട്ടമാനഭംഗത്തിനിരയായ വ്യക്തിയോട് ഇത്തരം പ്രവൃത്തികൾ ഉചിതമാണോയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. ഇര ഭയത്തിന്റെ നിഴലിൽ ജീവിക്കുമ്പോൾ കുറ്റവാളിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ അതിജീവിത ഇന്നലെ വൈകിട്ട് രാഹുൽ ഗാന്ധിയെയും, സോണിയ ഗാന്ധിയെയും കണ്ടു. സോണിയയുടെ വസതിയായ 10 ജൻപഥിലായിരുന്നു കൂടിക്കാഴ്ച. സുരക്ഷയിൽ ആശങ്കയുണ്ടെന്നും കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തേക്ക് തനിക്കും കുടുംബത്തിനും താമസ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. 2017ൽ കുൽദീപ് സിംഗ് സെൻഗറും കൂട്ടാളികളും ചേർന്ന് 17കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് സി.ബി.ഐ കേസ്.
എതിർത്ത് നിർഭയയുടെ അമ്മ
ഡൽഹിയിലെ നിർഭയയുടെ അമ്മ ഡൽഹി ഹൈക്കോടതി ഉത്തരവിനെ വിമർശിച്ചു. എന്തു സന്ദേശമാണിത് നൽകുന്നതെന്ന് ആശാ ദേവീ ചോദിച്ചു. സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കൂട്ടിച്ചേർത്തു.
പുറത്തിറങ്ങുമോ ?
ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ ബി.ജെ.പി എം.എൽ.എയ്‌ക്ക് 10 വർഷം കഠിനതടവ് വിധിച്ചിരുന്നു. ഈകേസിൽ കുൽദീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി തിസ് ഹസാരി കോടതി 28ന് വിധി പറയാനിരിക്കുകയാണ്. ഈ കേസിലും ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകാനാവൂ. കുറ്റവാളി ഡൽഹിയിൽ തുടരണമെന്നും ഇര താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നും ജസ്റ്റിസുമാരായ സുബ്രഹ്‌ണ്യം പ്രസാദ്,ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യഉപാധിവച്ചിരുന്നു. അതിജീവിതയെയും കുടുംബത്തെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും റിപ്പോർട്ട് ചെയ്യണം. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി.