ചോദ്യം വിവാദമായി, ജാമിയ മിലിയ ഇസ്ലാമിയ പ്രൊഫസറെ സസ്‌പെൻഡ് ചെയ്‌തു
ന്യൂഡൽഹി: സെമസ്റ്റർ പരീക്ഷയ്‌ക്ക് ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റ് സീനിയർ പ്രൊഫസർ വിരേന്ദ്ര ബാലാജി ഷഹാരെ ഇട്ട ചോദ്യം വിവാദമായതോടെ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തു. വകുപ്പുതല അന്വേഷണം ആരംഭിച്ചു. 'ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉദാഹരണസഹിതം വിവരിക്കുക' എന്നതായിരുന്നു ബി.എ (ഹോണേഴ്സ്) സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷാപേപ്പറിൽ വന്നത്. ഞായറാഴ്ചയായിരുന്നു പരീക്ഷ. ചോദ്യം വിവാദമായതോടെ ഹൈന്ദവ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി. സർവകലാശാലയ്‌ക്ക് മുന്നിൽ പരാതിയെത്തിയതോടെ സസ്‌പെൻഷൻ ഉത്തരവിറക്കുകയായിരുന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും സർവകലാശാല അനുമതി നൽകി. അന്വേഷണസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമെന്നും വ്യക്തമാക്കി. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ജാമിയയിലെ വിദ്യാർത്ഥി ഗ്രൂപ്പായ ഫ്രെറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ചോദ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ,വിഷയത്തിൽ ഇടപെടണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോടും യു.ജി.സിയോടും അഭ്യർത്ഥിച്ചു.