വിദ്യാർത്ഥികളെ കയറ്റാത്ത രണ്ട് ബസുകൾ മഫ്തിയിൽ മോട്ടോർവാഹന വകുപ്പ് പിടികൂടി  

Thursday 25 December 2025 4:05 AM IST

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജിന്റെ മുൻപിൽ നിറുത്താതെ പോയ ബസുകൾ പിടികൂടി മോട്ടോർ വാഹനവകുപ്പ്. ബസുകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. ബസുകൾ നിറുത്തില്ലെന്ന് കാണിച്ച് നൽകിയ പരാതിയെതുടർന്ന് മഫ്തിയിൽ എത്തിയ മോട്ടോർ വാഹനവകുപ്പ് അധികൃതരാണ് നടപടിയെടുത്തത്. ഇനിയും തുടർന്നാൽ ലൈസൻസ് പെർമിറ്റ് ഉൾപ്പെടെ റദ്ദാക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ജി. സുഗതൻ പറഞ്ഞു. പരപ്പനങ്ങാടിയിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുന്ന ബസും പരപ്പനങ്ങാടിയിൽ നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് പോവുന്ന ബസുമാണ് കോളേജിന്റെ മുൻപിൽ നിറുത്താതെ പോയത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ജി. സുഗതൻ പറഞ്ഞു. എം.വി.ഐ ഡി.എസ് സജിത്ത്,​ എ.എം.വി.ഐമാരായ വി.എസ്. സജിത്ത്,​ ഡി.എസ്. സജിത്ത് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി