യൂനുസ് സർക്കാരിനെതിരെ ഹാദിയുടെ സഹോദരൻ
ധാക്ക: യുവനേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ യൂനുസ് ഭരണകൂടത്തിനെതിരെ ഹാദിയുടെ സഹോദരൻ ഷെരീഫ് ഒമർ ഹാദി.അടുത്തവർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ഈ കൊലപാതകമെന്നും യൂനുസ് സർക്കാരിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും ഷെരീഫ് ഒമർ ഹാദി ആരോപിച്ചു.
ധാക്കയിലെ ഷാബാഗിൽ നടന്ന പ്രതിഷേധ യോഗത്തിൽ വെച്ചാണ് സർക്കാരിനെതിരെ ഷെരീഫ് ഒമർ ഹാദി രൂക്ഷ വിമർശനം ഉന്നയിച്ചത്.ദേശീയ തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടത്തണമെന്നായിരുന്നു ഉസ്മാന്റെ ആഗ്രഹമെന്നും, വേഗത്തിൽ വിചാരണ നടത്താനും തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കാതിരിക്കാനും അധികാരികൾ ശ്രദ്ധിക്കണമെന്നും ഒമർ ആവശ്യപ്പെട്ടു.
ഹാദിക്ക് നീതി ലഭിച്ചില്ലെങ്കിൽ മുഹമ്മദ് യൂനുസിനും ഷെയ്ഖ് ഹസീനയെപ്പോലെ രാജ്യം വിട്ട് ഓടേണ്ടി വരുമെന്നുംസഹോദരൻ മുന്നറിയിപ്പ് നൽകി.ഏജൻസികൾക്കോ 'വിദേശ യജമാനന്മാർക്കോ' വഴങ്ങാത്തതിനാലാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്നും ഒമർ ആരോപിച്ചു.
ഡിസംബർ 12-ന് ധാക്കയിൽ അജ്ഞാതരുടെ വെടിയേറ്റ ഷെരീഫ് ഉസ്മാൻ ഹാദി 18ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇങ്കിലാബ് മോഞ്ചോയുടെ വക്താവായിരുന്നു ഷെരീഫ് ഉസ്മാൻ ഹാദി. ഉസ്മാൻ ഹാദിയുടെ കൊലപാതകം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് പ്രമുഖ പത്രങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും ഓഫീസുകൾക്ക് നേരെ അക്രമങ്ങൾ നടന്നു.