അലിഗഡ് മുസ്ലീം സർവകലാശാലയിൽ അദ്ധ്യാപകനെ വെടിവച്ച് കൊലപ്പെടുത്തി

Thursday 25 December 2025 4:11 PM IST

ലക്‌നൗ: അലിഗഡ് മുസ്ലീം സർവകലാശാല ക്യാമ്പസിൽ അദ്ധ്യാപകനെ വെടിവച്ച് കൊലപ്പെടുത്തി. അലിഗഡ് ക്യാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അദ്ധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ക്യാമ്പസിലെ ലൈബ്രറി ക്യാന്റീന് സമീപത്തുവച്ചാണ് ഡാനിഷിന് അജ്ഞാതരുടെ വെടിയേറ്റത്. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ സ്‌കൂട്ടറിലെത്തിയ അക്രമിസംഘം ഡാനിഷിന് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്‌ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡാനിഷിനെ ഉടൻതന്നെ ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് മായങ്ക് പഥക് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യക്തിവൈരാഗ്യം ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.