'വേണ്ടാത്ത' മദ്യം കയറ്റി അയക്കും, കടംകയറി മുടിഞ്ഞപ്പോള്‍ വരുമാനമുണ്ടാക്കാന്‍ പുതിയ മാര്‍ഗം

Thursday 25 December 2025 6:27 PM IST

ഇസ്ലാമാബാദ്: കടംകയറി മുടിഞ്ഞ് നില്‍ക്കുന്ന പാകിസ്ഥാന്‍ കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ദേശീയ എയര്‍ലൈന്‍സ് വില്‍പ്പന നടത്തിയത്. വരുമാനം വര്‍ദ്ധിപ്പിക്കുകയും വിദേശ നാണയം എത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇപ്പോഴിതാ മദ്യം കയറ്റുമതി ചെയ്യാനും തയ്യാറെടുക്കുകയാണ് പാകിസ്ഥാന്‍. വിദേശ രാജ്യങ്ങളിലേക്ക് മദ്യം കയറ്റുമതി ചെയ്യാനാണ് തീരുമാനം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കയറ്റുമതിക്കുള്ള ലൈസന്‍സും നല്‍കിക്കഴിഞ്ഞു. റാവല്‍പിണ്ടി ആസ്ഥാനമായുള്ള മുരീ ബ്രൂവറിക്കാണ് കയറ്റുമതി ലൈസന്‍സ് നല്‍കിയിട്ടുള്ളത്.

അയല്‍രാജ്യങ്ങളായ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും അമേരിക്കയിലേക്കും വരെ ഈ കമ്പനി മുമ്പ് മദ്യം കയറ്റി അയച്ചിരുന്നു. 1860കളില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ ബ്രൂവറി സ്ഥാപിക്കപ്പെട്ടത്. 1977ല്‍ രാജ്യത്ത് മദ്യനിരോധനം നടപ്പിലാക്കിയതോടെയാണ് കയറ്റുമതി നിന്നുപോയത്. പാകിസ്ഥാനില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ക്ക് മദ്യം ഉപയോഗിക്കാന്‍ നിയമപരമായി അനുമതിയില്ല. അമുസ്ലീംങ്ങള്‍ക്ക് പോലും നിയന്ത്രണങ്ങളോടെയാണ് മദ്യം നല്‍കുന്നത്.

റാവല്‍പ്പിണ്ടിയിലെ അതീവ സുരക്ഷാ മേഖലയിലാണ് മുരീ ബ്രൂവറിയുടെ പ്ലാന്റ്. കഴിഞ്ഞവര്‍ഷം 100 ദശലക്ഷം ഡോളര്‍ (ഏകദേശം 900 കോടി രൂപ) വരുമാനം നേടിയ കമ്പനിയാണിത്. ഇതില്‍ പകുതി മാത്രമാണ് മദ്യവില്‍പ്പനയിലൂടെ നേടിയത്. ബാക്കി ആല്‍ക്കഹോള്‍ രഹിത പാനീയങ്ങളുടെയും മറ്റും വില്‍പ്പനയിലൂടെയാണ്. അമുസ്ലിങ്ങള്‍ക്കും വിദേശികള്‍ക്കും നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് മദ്യം ലഭിക്കുന്നത്. ലൈസന്‍സുള്ള മദ്യശാലകള്‍ വഴിയാണ് വില്‍പന. എന്നാല്‍, അനധികൃത മദ്യ ഉല്‍പാദനവും വില്‍പനയും പാക്കിസ്ഥാനില്‍ പതിവാണ്.